കൊച്ചി/പാലക്കാട്: നാലുവര്‍ഷത്തിനു ശേഷം ശേഷം ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതോടെ മലമ്പുഴ അണക്കെട്ട് തുറന്നു. രാവിലെ 11.45 നാണ് ഘട്ടം ഘട്ടമായി ഡാമിലെ നാല് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്.ഡാമിന്റെ ഓരോ സ്പില്‍വേ ഷട്ടറുകള്‍ വീതം 10 മിനിറ്റ് വ്യത്യാസത്തില്‍ മൂന്ന് സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 115.06 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടിന്റെ ഇന്നലെ തുറക്കുമ്പോഴുള്ള ജലനിരപ്പ് 114.87 മീറ്ററായിരുന്നു. 12 സെന്റീ മീറ്റര്‍ തുറക്കേണ്ട ഷട്ടറുകള്‍ നിലവില്‍ മൂന്ന് സെന്റീ മീറ്ററാണ് ഉയര്‍ത്തിയത്.അത് വഴി 312 ക്യുസെക്‌സ് (ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്‍ഡ്‌സ്) ജലമാണ് പ്രവഹിക്കുകയെന്ന് മലമ്പുഴ ജലസേചനവകുപ്പ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. എസ് പത്മകുമാര്‍ പറഞ്ഞു.
മഴശക്തമായി തുടരുകയാണെങ്കില്‍ പരമാവധി സംഭരണശേഷി നിലനിര്‍ത്തി ബാക്കി തുറന്നുവിടുമെന്നും ഡാം അസിസ്റ്റന്റ് എന്‍ജിനീയര്‍ സിദ്ധിഖ് പറഞ്ഞു. ഈ മാസം അഞ്ചിനു ശേഷമായിരിക്കും ഷട്ടറുകള്‍ അടയ്‌ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. മുമ്പ് 2014 സെപ്തംബര്‍ 14നാണ് ഡാം തുറന്നത്. അന്ന് 114.5 മീറ്ററില്‍ രണ്ട് സെന്റീ മീറ്ററാണ് തുറന്നത്. 2013 ഒക്ടോബര്‍ 16നും 114.6 മീറ്ററില്‍ തുറന്നിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്.
ഡാം തുറക്കുമ്പോള്‍ കുട്ടികളുള്‍പ്പെടെ മൊത്തം 6319 സന്ദര്‍ശകരാണ് ഉദ്യാനത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ മഴയെത്തുടര്‍ന്ന് അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നതോടെ ഒരാഴ്ചയായി സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്. കഴിഞ്ഞ ഞായറാഴ്ച 34,3845 ലക്ഷം രൂപയായിരുന്നു കളക്ഷന്‍. ശനിയാഴ്ച 28ന് 130915ലക്ഷം രൂപയും. ഡാം തുറന്നതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് കൂടും. സംസ്ഥാനത്തെ മിക്ക ഡാമുകളും നറഞ്ഞുകിടക്കുകയാണ്.
ഇടമലയാര്‍ ഡാമിലും കഴിഞ്ഞ രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 78 അണക്കെട്ടുകള്‍ ഏറെക്കുറെ നിറഞ്ഞു. ചെറുതും വലുതുമായ 25 ഡാമുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്നുവിട്ടിരുന്നു. പക്ഷെ സംസ്ഥാനത്ത് മൊത്തത്തില്‍ ഇന്നലെ മഴ കുറഞ്ഞിട്ടുണ്ട്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.
സ്വന്തം ലേഖിക
















