ന്യൂദല്‍ഹി: ജഡ്ജ് ബി.എച്ച്. ലോയയുടേത് സ്വാഭാവിക മരണമായിരുന്നുവെന്ന സുപ്രിം കോടതിവിധി പുനുഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അതേ ബഞ്ച് തള്ളി.
പ്രത്യേക സിബിഐ കോടതി ജഡ്ജ് ആയിരുന്ന ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഏപ്രിലില്‍ കോടതി വിധിച്ചിരുന്നു.
”പുനഃപരിശോധന ഹര്‍ജിയും അനുബന്ധ രേഖകളും ഞങ്ങള്‍ സസൂക്ഷ്മം പരിശോധിച്ചു. കോടതിവിധിയില്‍ ഇടപെടേണ്ടതില്ലെന്ന് ബോധ്യമായി. അതിനാല്‍ പുനഃപരിശോധന ഹര്‍ജി തള്ളുന്നു,” ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ്മാരായ എ.എം. ഖാന്‍ വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ച് വിധി പറഞ്ഞു.
ലോധയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട് ബോംബെ ലോയോഴ്‌സ് അസോസിയേഷനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ”ഈ കോടതി പാസാക്കിയ വിധിയും ഉത്തരവും നീതിന്യായ സംവിധാനത്തിന്റെയും ബഹുജനത്തിന്റെയും വിശാല താല്‍പര്യത്തിന്റെ പേരില്‍ പുനഃപരിശോധിക്കണ,”മെന്നായിരുന്നു ഹര്‍ജിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേയുടെ ആവശ്യം.
ജഡ്ജ് ലോയ ഹദയ സ്തംഭനത്തെ തുടര്‍ന്ന് 2014 ഡിസംബര്‍ ഒന്നിനാണ് അന്തരിച്ചത്. ഈ കാലത്ത്, സൊഹ്‌റാബുദ്ദിന്‍ ഷേയ്ഖ് വെടിവപ്പു കേസ് വിചാരണ കേള്‍ക്കുകയായിരുന്നു. ഈ കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കുറ്റാരോപിതനായിരുന്നു. പിന്നീട് വിചാരണ തുടരുമ്പോള്‍ കേസില്‍ അമിത് ഷാ കുറ്റവിമുക്തനുമായി.
ജഡ്ജി ലോയയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസ് ഇന്റലിജന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മരണം സ്വാഭാവികമെന്ന് വിധിച്ച ഉന്നത കോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ഇന്ന് ഹര്‍ജിയിലെ വാദത്തില്‍ ഉന്നയിച്ച ആവശ്യം.
















