കൊച്ചി : കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതികള്‍ ഗൗരവമായി കാണണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്‍ തമ്മിലുള്ള പക തീര്‍ക്കുന്നതിന് പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നത് മുളയിലേ നുള്ളണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ശാസ്താംകോട്ട സ്വദേശിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
തന്റെ 16 വയസുള്ള മകളെ കടന്നു പിടിച്ചയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമായ അന്വേഷണം നടന്നില്ലെന്ന പരാതിയുമായാണ് ഹര്‍ജിക്കാരി കോടതിയെ സമീപിച്ചത്. എന്നാല്‍, മകളെ ഉപദ്രവിച്ചു എന്ന ഇവരുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ കോടതി ഹര്‍ജി തള്ളി. കുട്ടികളെ പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ പരാതി നല്‍കുന്നവര്‍ക്കെതിരെ പോക്സോ നിയമത്തിലെ 22- ാം വകുപ്പ് പ്രകാരം തടവും പിഴയും വിധിക്കാന്‍ വ്യവസ്ഥയുണ്ടെന്നും കോടതി വ്യക്തമാക്കി.
















