തിരുവനന്തപുരം: ഭരണമികവില്‍ കേരളം ഒന്നാമതെന്ന സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പബ്ലിക് അഫയേഴ്സ് സെന്ററിന്റെ സര്‍വേയില്‍ മൂന്നു വര്‍ഷമായി കേരളമാണ് മികവില്‍ ഒന്നാമത്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കിട്ടിയതിനേക്കാള്‍ ഇത്തവണ മാര്‍ക്കറ്റ് കുറവാണെന്നും ചെന്നിത്തല പറഞ്ഞു.
നീതി നിര്‍വ്വഹണത്തില്‍ ഒന്നാം സ്ഥാനമെന്ന അവകാശവാദവും തെറ്റ്. ഈ കാര്യത്തില്‍ കേരളം ആറാം സ്ഥാനത്താണെന്നും ചെന്നിത്തല പറഞ്ഞു. ബംഗളുരുവിലെ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ 2018 ലെ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സാമൂഹ്യ സുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നതെങ്കിലും സര്‍വ്വേയില്‍ യഥാര്‍ത്ഥത്തില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തെലുങ്കാനയും. പിന്നീട് പഞ്ചാബും ജാര്‍ഖണ്ഡും കഴിഞ്ഞിട്ടേ കേരളം വരുന്നുള്ളൂ.
സര്‍ക്കാരിന്റെ വിശ്വാസ്യതയിലും സുതാര്യതയിലും സര്‍വ്വേ അനുസരിച്ച് കേരളം പതിനൊന്നാം സ്ഥാനത്താണെങ്കിലും പരസ്യത്തില്‍ ഒന്നാം സ്ഥാനത്താണ്. ക്രമസമാധാന നിലയില്‍ സര്‍വ്വേ പ്രകാരം കേരളം യഥാര്‍ത്ഥത്തില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് സര്‍ക്കാരിന്റെ പരസ്യം. യഥാര്‍ത്ഥത്തില്‍ ഒന്നാം സ്ഥാനത്തിന്റെ അവകാശി തമിഴ്‌നാടാണ്. പിണറായി സര്‍ക്കാര്‍ അത് തട്ടിയെടുത്തിരിക്കുകയാണ്. നീതിനിര്‍വഹണത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതായി പരസ്യത്തില്‍ നടിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ലഭിച്ചത് ആറാം സ്ഥാനമാണ്. മദ്ധ്യപ്രദേശിന്റെ ഒന്നാം സ്ഥാനമാണ് ഇടതു സര്‍ക്കാര്‍ അടിച്ചു മാറ്റിയിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍വ്വേയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് കര്‍ണാടകത്തിനാണെങ്കിലും പിണറായി സര്‍ക്കാര്‍ അതും അടിച്ചു മാറ്റി.
















