തിരുവനന്തപുരം: സാധാരണക്കാരുടെമേല്‍ കുതിരകയറാനുള്ളവരല്ല പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് കംപ്ലയിന്റ് അതോറിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശത്തിന്റെയും പോലീസിന്റെയും പുത്തന്‍ പ്രവണതകള്‍ എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ടത് പോലീസാണ്. എന്നാല്‍ പോലീസും മറ്റുസുരക്ഷാ ഏജന്‍സികളും നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ പരാതികളാണ് നാട്ടിലെമ്പാടും കേള്‍ക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി മുന്‍ ജഡ്ജി വി. ഗോപാല ഗൗഡ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിട്ടി ചെയര്‍മാന്‍ വി. കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എസ്പിസിഎ അംഗവും മുന്‍ ഡിജിപിയുമായ കെ.എസ്. ബാലസുബ്രഹ്മണ്യന്‍, ഡോ.എന്‍. കെ. ജയകുമാര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, അഡ്വ. മജ ദാരുവാല, അഡ്വ. മിഹിര്‍ ദേശായി, സംസ്ഥാന നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ജസ്റ്റിസ് ആന്റണി ഡൊമിനിക്, എസ്പിസിഎ സെക്രട്ടറി ജയ് സുഖ്‌ലാല്‍ എന്നിവര്‍ സംസാരിച്ചു.
















