ഗുവാഹത്തി: അസ്സമില്‍ ദിബ്രുഗഡ് ജില്ലയില്‍ നടന്ന ലേലത്തില്‍ ഒരുകിലോ തേയില വിറ്റുപോയത് 39001 രൂപ എന്ന റെക്കോര്‍ഡ് വിലയ്ക്ക്. ഉയര്‍ന്ന ഗുണമേന്മയോടു കൂടിയ പ്രത്യേക തരം തേയില ലോകത്തില്‍ തന്നെ ഏറ്റവും കൂടിയ വിലയ്ക്കാണ് വിറ്റുപോയിരിക്കുന്നതെന്ന് ലേലത്തിന് നേതൃത്വം വഹിച്ച ഗുവാഹത്തി ടീ ഓക്ഷന് സെന്റര്‍ വ്യക്തമാക്കി.
ഇവിടെ ഉത്പാദിപ്പിക്കുന്ന വിവിധ തേയില ഇനങ്ങള്‍ക്ക് ഇന്ത്യക്കുള്ളിലും രാജ്യാന്തര തലത്തിലും ശ്രദ്ധനേടാന്‍ അവസരം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും ഓക്ഷന് സെന്റര്‍ സെക്രട്ടറി ദിനേശ് ബിഹാനി പറഞ്ഞു. അസ്സമിലെ മനോഹരി ടീ എസ്റ്റേറ്റിന്റെ തേയിലയാണ് റെക്കോര്‍ഡ് വിലയ്ക്ക് വിറ്റത്. പ്രാദേശിക ഇടനിലക്കാര്‍ വഴി സൗരബ് ടീ എന്ന കമ്പനിയാണ് തേയില വാങ്ങിയത്. പ്രത്യേകതരം ക്ലോണുകളാണ് ഈ തേയില ചെടിയില്‍ ഉള്ളത്. ഏറെ ശ്രദ്ധാപൂര്‍വം കൈകൊണ്ടാണ് ചെടിയില്‍ നിന്ന് മുകുളങ്ങള്‍ കിള്ളിയെടുത്തിട്ടുള്ളത്.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഉയര്‍ന്ന ഗുണമേന്മയോടു കൂടിയ തേയില നല്‍കുകയാണ് ലക്ഷ്യം എന്ന് സൗരബ് ടീ ഉടമ എം. എല്‍ മഹേശ്വരി പറഞ്ഞു. ലോക ശ്രദ്ധ നേടുന്നതോടെ ഇന്ത്യന്‍ തേയിലയുടെ പ്രൗഡി തിരികെ പിടിക്കാന്‍ ഈ ലേലം കൊണ്ട് സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: