ബൗറിങ് ക്ലബ്ബിലെ ബാഡ്മിന്റണ്‍ കോര്‍ട്ടിനു സമീപത്തായുള്ള 61, 70, 78 നമ്പര്‍ ലോക്കറുകളിലായിരുന്നു കോടികള്‍ ഒളിപ്പിച്ചിരുന്നത്. 3.90 കോടിയുടെ നോട്ടുകള്‍. ഇതില്‍ 3.73 കോടിയുടെ രണ്ടായിരത്തിന്റെ നോട്ടുകളും 17 ലക്ഷത്തിന്റെ 500ന്റെ നോട്ടുകളുമായിരുന്നു.
7.80 കോടി വിലവരുന്ന വജ്രാഭരണങ്ങള്‍, 600ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റ്, 10 ഗ്രാം വീതമുള്ള അഞ്ച് സ്വര്‍ണ നാണയങ്ങള്‍, നാല് നെക്ലസ്, 35-40 ലക്ഷം രൂപ വിലവരുന്ന രണ്ട് റോളക്‌സ് വാച്ച്, അഞ്ചു മുതല്‍ 50 കോടി വരെ എഴുതിയ തീയതി എഴുതാത്ത ഒപ്പിട്ടതും ഒപ്പിടാത്തതുമായ ചെക്കുകള്‍, നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ വസ്തുക്കളുടെ ആധാരങ്ങള്‍ തുടങ്ങിയവയാണ് ലോക്കറിലുണ്ടായിരുന്നത്. ആറു ബാഗുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.
ലോക്കറുകള്‍ തുറന്ന വിവരമറിഞ്ഞ് ക്ലബ് അധികൃതരെ അവിനാഷ് ബന്ധപ്പെട്ടിരുന്നു. പണം എടുത്തിട്ട് രേഖകള്‍ നല്‍കാനായിരുന്നു ആവശ്യം. എന്നാല്‍ ക്ലബ് അധികാരികള്‍ തയാറായില്ല. രേഖകള്‍ നല്‍കാന്‍ അഞ്ച് കോടി രൂപ വരെ വാഗ്ദാനം ചെയ്തതായി ക്ലബ് സെക്രട്ടറി ശ്രീകാന്ത് പറഞ്ഞു.
5182 അംഗങ്ങളുള്ള ക്ലബ്ബില്‍ 625 വലിയ ലോക്കറുകളാണുള്ളത്. പല അംഗങ്ങള്‍ക്കും ലോക്കര്‍ ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ക്ലബ് അധികൃതര്‍ ലോക്കറുകള്‍ പുതുക്കല്‍ നടപടികള്‍ ആരംഭിച്ചത്. എല്ലാ മെമ്പര്‍മാരും ലോക്കറുകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിന് ക്ലബ്ബില്‍ നിന്നും ഇമെയിലും എസ്എംഎസ്സും അയച്ചു.
പുതുക്കാത്തവര്‍ക്ക് ജൂലൈ 16ന് പുതുക്കണമെന്ന് കാണിച്ച് വീണ്ടും അറിയിപ്പ് നല്‍കി. ഇതിന് ശേഷവും എത്താത്തവരുടെ ലോക്കറുകള്‍ തുറന്നു പരിശോധിക്കാന്‍ ക്ലബ് ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.
അഞ്ചംഗ സംഘമാണ് പരിശോധിച്ചത്. നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ബാഗുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആദ്യം സെന്‍ട്രല്‍ ഡിസിപി ചന്ദ്രഗുപ്തയെയാണ് ഇവര്‍ വിവരം അറിയിച്ചത്. പോലീസ് നിര്‍ദേശ പ്രകാരമാണ് ആദായനികുതി വകുപ്പിനെ ബന്ധപ്പെട്ടത്.
















