തിരുവനന്തപുരം: സിപിഎമ്മിനു പിന്നാലെ രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും കലഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാമായണമാസം ആചരിക്കരുതെന്ന് കെ.മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നാലു വോട്ടുകള്‍ കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്. രാഷ്‌ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ രാമായാണ മാസാചരണം സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല. ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗം. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലാകമ്മറ്റിയാണ് രാമായണമാസാചരണം നടത്താന്‍ തിരുമാനിച്ചത്. ഇതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് മുരളീധരന്റെ പ്രതികരണം.
രാമായണമാസം ആചരിക്കുന്നതിനുള്ള സിപിഎം തീരുമാനവും വിവാദമായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇതിനെതിരെ രംഗത്തു വന്നു. ഇതേ തുടര്‍ന്ന് രാമായണ മാസാചരണം നടത്തുന്ന സംസ്‌കൃത സംഘവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
















