കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ തീപ്പൊള്ളലേറ്റ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. കൈതപ്പൊയില്‍ മലബാര്‍ ഫിനാന്‍സിയേഴ്‌സ് ഉടമ പിടി കുരുവിളയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ സ്ഥാപനത്തില്‍ എത്തിയ അജ്ഞാതനായ യുവാവ് കുരുവിളയുടെ മുഖത്തു മുളകുപൊടി വിതറിയതിന് ശേഷം പെട്രോളൊഴിച്ചു തീയിടുകയായിരുന്നു. ഈസമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്.
ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്ക് ചാടി. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ കുരുവിളയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു.
















