ആലപ്പുഴ: ചങ്ങനാശ്ശേരി അതിരൂപതയുടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ഥിനി ശ്രേയ (12) ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി എട്ടു മാസമായിട്ടും ഹൈക്കോടതി വിധി പറയുന്നില്ല. നവംബര്‍ 28നാണ് ജസ്റ്റിസ് സുനില്‍ തോമസ് വിധി പറയാനായി കേസ് മാറ്റിവച്ചത്.
പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലാണ് ഹര്‍ജി നല്‍കിയത്. കേസില്‍ കേന്ദ്രം ഡയറക്ടര്‍ കൂടിയായ ഫാ. മാത്തുക്കുട്ടി, സിസ്റ്റര്‍ സ്നേഹ എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ നിസ്സാര കുറ്റമാണ് ചുമത്തിയത്.
ക്രൈംബ്രാഞ്ച് എസ്പി ടി.എഫ്. സേവ്യര്‍ ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചത് ഫാ. മാത്തുക്കുട്ടി, സിസ്റ്റര്‍ സ്നേഹ എന്നിവരുടെ അശ്രദ്ധ മൂലമാണെന്നാണ് പറയുന്നത്. ഇരുവര്‍ക്കും ജാമ്യം ലഭിക്കുകയും ചെയ്തു.
മറ്റു കുട്ടികള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടി എങ്ങനെ കുളത്തിലെത്തി തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് അന്വേഷണസംഘം മൗനം പാലിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വേണുഗോപാലന്‍ നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2010 ഒക്ടോബര്‍ 17നാണ് കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയുടെയും സുജയുടെയും മകള്‍ ശ്രേയയെ ലഹരിവിമുക്ത കേന്ദ്രമായ കൈതവന അക്സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
















