ഹൈദരാബാദ്: ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ മില്ലില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ മരിച്ചു. അനന്ദപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലാണ് ദുരന്തമുണ്ടായത്. മില്ലിലെ അറ്റകുറ്റപണികള്‍ക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ എസ്.പി ജി അശോക് കുമാര്‍ പറഞ്ഞു.
മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നാണ് അത്യാഹിതമുണ്ടായത്. രണ്ടു പേര്‍ സംഭവ സ്ഥലത്തും ശേഷിക്കുന്നവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ചിലര്‍ ചികിത്സയിലാണ്.
തദിപത്രിയിലുള്ള സ്റ്റീല്‍ മില്‍ ബ്രസീലിയന്‍ കമ്പനിയായ ഗെര്‍ദാവുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംഭവത്തില്‍ ആന്ധ്ര ഉപമുഖ്യമന്ത്രി എന്‍. ചിന്ന രാജപ്പ അതീവ ദു:ഖം രേഖപ്പെടുത്തി.
















