ചെങ്ങന്നൂര്‍: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയാ ജയിംസിനെ കണ്ടെത്താന്‍ പോലീസ് ചെങ്ങന്നൂര്‍ മുളക്കുഴയിലെ അനാഥാലയത്തില്‍ തെരച്ചില്‍ നടത്തി. ഇവിടുത്തെ ചാണകക്കുഴിയില്‍ നിന്നും അസ്ഥിക്കഷണങ്ങള്‍ കണ്ടെടുത്തു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ചെങ്ങന്നൂര്‍ സ്വദേശി പ്രദീപ് കോശി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ജെസ്‌ന ഉള്‍പ്പെടെ നിരവധി പേരെ അനാഥാലയത്തിലെത്തിച്ചിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ മരിച്ചതായും ഇവരെ അനാഥാലയത്തിനോട് ചേര്‍ന്നുളള തൊഴുത്തിന്റെ ചാണകക്കുഴിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നുമാണ് പരാതി. അനാഥാലയത്തിന്റെ നാല് അറകളുളള ചാണകക്കുഴിയില്‍ മൂന്ന് ദിവസം നടത്തിയ പരിശോധനയിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്. വാഹനങ്ങള്‍ കടന്നു ചെല്ലാന്‍ കഴിയാത്ത ഭാഗത്താണ് ചാണകക്കുഴി. അസ്ഥിക്കഷണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്.
മനോവൈകല്യമുളളവരെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെ 300ല്‍പരം അന്തേവാസികളാണ് ഉണ്ടായിരുന്നത്. അനാഥാലയത്തിന്റെ നടത്തിപ്പില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്ന് നിരവധി പേര്‍ മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2017 ഡിസംബര്‍ 9ന് മനുഷ്യാവകാശ കമ്മീഷന്‍ അനാഥാലയം സന്ദര്‍ശിക്കുകയും ഇവിടെ നിന്നും സ്ത്രീകളെ മാറ്റി പാര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് 200ല്‍പരം അന്തേവാസികളെ ഇവിടെ നിന്നും തുടര്‍ന്നുളള മാസങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. 105 അന്തേവാസികള്‍ ഇവിടെയുണ്ട്. ഏഴ് ഏക്കറിലെ അനാഥാലയം ഇരുപത് വര്‍ഷം മുമ്പാണ് സ്‌നേഹധാര എന്നപേരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സെക്രട്ടറി പി.എസ്. എബ്രഹാമും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമുള്‍പ്പെടെ 15 പേരാണ് ട്രസ്റ്റിലുളളത്.
















