ന്യൂദല്‍ഹി: നിപ വൈറസുകളുടെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയാണ് ഇക്കാര്യമറിയിച്ചത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പരിശോധനയിലാണ് മലപ്പുറത്ത് 17 പേരുടെ മരണത്തിന് കാരണം പഴംതീനി വവ്വാലുകളിലെ വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരിക്കുന്ന ശക്തമായ തെളിവുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജെ.പി. നദ്ദ മാധ്യമങ്ങളോട് പറഞ്ഞു.
പഴംതീനി വവ്വാലുകള്‍ ഉള്‍പ്പെടെ 55 വവ്വാലുകളെ പിടികൂടി നടത്തിയ പരിശോധനയിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആദ്യം പിടികൂടിയ കീടങ്ങളെയും പുഴുക്കളെയും തിന്നുന്ന വൈറസുകളില്‍ നിപ സാന്നിധ്യം ഇല്ലായിരുന്നു. ഇന്ത്യയിലുള്ള മൂന്നിനം പഴംതീനി വവ്വാലുകളില്‍ നിപയുടെ സാന്നിധ്യമുണ്ട്. വവ്വാലുകളുടെ ശരീര സ്രവങ്ങള്‍ പഴങ്ങളിലൂടെയാണ് മനുഷ്യരിലെത്തിയത്. പുതുതായി ആര്‍ക്കും നിപ്പ കണ്ടെത്താതിരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പ വിമുക്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
















