തിരുവനന്തപുരം: കോട്ടയം തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ മേല്‍ശാന്തിനിയമനത്തിന് ക്ഷണിച്ച അപേക്ഷ ചട്ടവിരുദ്ധമെന്ന് ഭാരതീയ ബ്രാഹ്മണസഭ. കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍, കിടങ്ങൂര്‍, കാടമുറി ഓണംതുരുത്ത് എന്നിവിടങ്ങളില്‍ ജനിച്ച മലയാള ബ്രാഹ്മണരാകണം അപേക്ഷകര്‍ എന്നാണ് വിജ്ഞാപനത്തില്‍. കുടുംബകാരായ്‌മ ഇല്ലാത്ത ക്ഷേത്രത്തില്‍ ഒരു പ്രദേശത്തുകാര്‍ക്ക് മാത്രം ശാന്തി നിഷ്‌ക്കര്‍ഷിക്കുന്നതും നിയമവിരുദ്ധമാണ്.
സര്‍ക്കാര്‍ സര്‍വീസില്‍ അപേക്ഷകന്റെ വയസ്സു സംബന്ധിച്ച ചട്ടത്തിന് വിരുദ്ധമാണ് വിജ്ഞാപനത്തില്‍ സൂചിപ്പിക്കുന്ന വയസ്സ്. ശാന്തിക്കാര്‍ക്ക് കുടുംബജീവിതം നയിക്കാമെന്നതിനാല്‍ ഈ ക്ഷേത്രത്തിലേക്ക് പുറപ്പെടാ ശാന്തി വേണമെന്ന ആവശ്യവും പുനപരിശോധിക്കണം. സെക്യൂരിറ്റി തുക കെട്ടിവയക്കണമെന്ന നിര്‍ദ്ദേശവും റദ്ദു ചെയ്യേണ്ടതാണ്.
വിജ്ഞാപനത്തിലെ ഈ വ്യവസ്ഥകള്‍ റദ്ദു ചെയ്യാന്‍ ദേവസ്വം അധികൃതര്‍ക്ക് ഭാരതീയ ബ്രാഹ്മണസഭ നിവേദനം നല്‍കിയതായി ദേശീയ സെക്രട്ടറി അരുണ്‍ മാലിശ്ശേരി ഭാരവാഹികളായ രാജവൈദ്യന്‍ മോഹന്‍ലാല്‍, നാഗരാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടപടി ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
















