തിരുവനന്തപുരം: പോലീസിന്റെ പക്കലുള്ള അറിവും വിവരങ്ങളും സമൂഹത്തിന്റെ നന്മക്കായി ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജ്ഞാന നിര്‍വഹണ വൈദഗ്ധ്യം സംബന്ധിച്ച ദേശീയ സെമിനാറും പോലീസ് ട്രെയിനിംഗ് കോളേജിലെ നവീകരിച്ച ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസിലെ ചില വിവരങ്ങള്‍ രഹസ്യ സ്വഭാവം ഉള്ളവയാണ്. എന്നാല്‍ അങ്ങനെയല്ലാത്ത വിജ്ഞാനമുണ്ട്. അവ പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. വിവിധ പ്രൊഫഷണല്‍ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും ഡോക്ടറേറ്റും ലഭിച്ചവര്‍ ഇന്ന് പോലീസിലുണ്ട്. ഇവര്‍ വ്യത്യസ്തമായ നൈപുണ്യ ശേഷി പോലീസിന് പ്രദാനം ചെയ്യുന്നു.
ഇവരുടെ വൈദഗ്ധ്യം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് ചിന്തിക്കണം, അദ്ദേഹം പറഞ്ഞു. എഡിജിപിമാരായ ഡോ. ബി. സന്ധ്യ, എസ്. അനന്തകൃഷ്ണന്‍, ഡിഐജിമാരായ കെ. സേതുരാമന്‍, അനൂപ് കുരുവിള ജോണ്‍ എന്നിവര്‍ സംസാരിച്ചു.
















