കാസര്‍കോട്: ദുരൂഹസാഹചര്യത്തില്‍ കാസര്‍കോട്ട് രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി. ദുബായിലേക്കു പോയ കുടുംബത്തെകുറിച്ചാണ് വിവരമില്ലാത്തത്. സംഭവം ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്.
മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്, മൂന്ന് വയസുകാരി മകള്‍ മര്‍ജാന, പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത് എന്നിവരെയാണ് കണാതായത്. ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായാണ് സംശയം. ദുബായില്‍ മൊബൈല്‍ ഫോണ്‍, അത്തര്‍ വ്യാപാരിയാണ് സവാദ്. വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ഇവരെക്കുറിച്ച് ജൂണ്‍ 15നു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് നസീറയുടെ അച്ഛന്‍ അബുദുള്‍ ഹമീദ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരെ കാണാതായിട്ടുണ്ടെന്നും സംഘം യമനില്‍ എത്തിയതായുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതിനിടെ സവാദിന്റെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. താനും കുടുംബവും യെമനിലെത്തിയെന്നും വിദ്യാഭ്യാസ ആവശ്യത്തിനാണ് എത്തിയതെന്നുമാണ് സന്ദേശം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് പറഞ്ഞു. മുന്‍പ് തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ സമാനരീതിയില്‍ കാണാതായവര്‍ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചിരുന്നു. ഇവരില്‍ പലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
















