സോച്ചി: ഗ്രൂപ്പ്-സിയിലെ നിര്‍ണായക മത്സരത്തില്‍ പെറുവിനോട് പരാജയപ്പെട്ട ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഇരു പകുതികളിലുമായി നേടിയ രണ്ട് ഗോളിനായിരുന്നു പെറുവിന്റെ ഏകപക്ഷീയ വിജയം. നായകന്‍ പൗലോ ഗ്വെരേറോയും മുന്നേറ്റതാരം ആന്ദ്രെ കാരിലോയുമാണ് പെറുവിനായി ഗോള്‍ നേടിയത്. ഇതോടെ, 36 വര്‍ഷത്തിനു ശേഷം ലോകകപ്പ് വേദിയിലെത്തിയ പെറുവിനു ഗ്രൂപ്പ് റൗണ്ടിലെ ആശ്വാസ ജയത്തോടെ തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങാം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്‌ട്രൈക്കര്‍ പൗലോ ഗ്വെരേറോയാണ് പെറുവിന്റെ ലീഡ് ഉയര്‍ത്തിയത്. 50ാം മിനിറ്റില്‍ ട്രൗസോയുമൊത്ത് പന്ത് കൈമാറിയെത്തിയ ഗ്വെരേറോ ബോക്‌സിനുള്ളില്‍ നിന്നും തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ പെറുവിന്റെ ലീഡ് വര്‍ധിപ്പിക്കുകയായിരുന്നു. ഈ മത്സരത്തില്‍ വിജയിക്കുകയും ഫ്രാന്‍സിനെതിരായ മത്സരത്തില്‍ ഡെന്മാര്‍ക്ക് തോല്‍ക്കുകയും ചെയ്യുകയായിരുന്നെങ്കില്‍ ഓസ്‌ട്രേലിയക്ക് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാമായിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ ഓസീസ് തോറ്റതോടെ അവശേഷിച്ച സാധ്യതകളും അടയുകയായിരുന്നു.
ആദ്യ പകുതിയില്‍ പെറു ഓസ്‌ട്രേലിയക്കെതിരേ മുന്നിലെത്തിയിരുന്നു. 18ാം മിനിറ്റില്‍ ആന്ദ്രെ കാരിലോയിലൂടെയാണ് പെറു ലീഡ് നേടിയത്. ഓസ്ട്രേലിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ക്യാപ്റ്റന്‍ പൗലോ ഗ്വെരേറോ നല്‍കിയ പാസ് അതിവേഗത്തില്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ ഓസീസ് വലയിലെത്തിച്ചാണ് കാരിലോ പെറുവിനെ മുന്നിലെത്തിച്ചത്. 36 വര്‍ഷത്തെ ഇടവേളയില്‍ പെറു ലോകകപ്പില്‍ നേടുന്ന ആദ്യ ഗോളാണിത്.
















