കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ ചവിട്ടി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ പോലീസുകാരനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പറവൂര്‍ സിഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്റെ ഡ്രൈവര്‍ പ്രദീപ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ വിട്ടുകിട്ടാന്‍ ബന്ധുക്കളില്‍ നിന്നും പണം വാങ്ങിയെന്ന പരാതിയിലാണ് നടപടി.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ കേസില്‍ നിന്ന് ഒഴിവാക്കാമെന്നും ചികിത്സയ്‌ക്കായി ആശുപത്രിയിലെത്തിക്കാമെന്നും പറഞ്ഞാണ് ശ്രീജിത്തിന്റെ ബന്ധുവഴി പണം വാങ്ങിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ 15,000 രൂപ മുന്‍കൂറായി വാങ്ങി. സിഐ ക്രിസ്പിന്‍ സാമിന്റെ പേരിലായിരുന്നു പണം വാങ്ങിയത്. ഏപ്രില്‍ ഏഴിനായിരുന്നു സംഭവം. എന്നാല്‍, കസ്റ്റഡിയിലിരിക്കെ മര്‍ദനമേറ്റ ശ്രീജിത്ത് ഒന്‍പതിന് മരിച്ചു. തുടര്‍ന്ന് രണ്ടാഴ്ചയ്‌ക്ക് ശേഷം അതേ ബന്ധുവിന്റെ കൈവശം 15,000 രൂപ തിരികെ നല്‍കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ ക്രിസ്പിന്‍ സാമിനെ ബന്ധിപ്പിക്കാവുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്ത് പറയുന്നു.
കേസില്‍ പ്രതികളാകുന്നവരെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി അവരുടെ ബന്ധുക്കളില്‍ നിന്നും പ്രദീപ്കുമാര്‍ പണം വാങ്ങിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ കേസില്‍ നിന്ന് ഒഴിവായാല്‍ അത് താന്‍ പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങിയിരുന്നത്. പ്രതികള്‍ കുടുങ്ങിയാല്‍ പണം തിരികെ നല്‍കുകയും ചെയ്യുന്നതായിരുന്നു പ്രദീപിന്റെ പതിവ്. ശ്രീജിത്തിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പ്രദീപിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അറസ്റ്റിലാകുന്നത് പോലീസിലെ പതിനൊന്നാമൻ
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വരാപ്പുഴ എസ്‌ഐ ദീപക്, സ്‌റ്റേഷനിലെ ആറ് പോലീസുകാര്‍, മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങിയതിനാണ് ഇപ്പോള്‍ പോലീസ് ഡ്രൈവര്‍ പ്രദീപ് അറസ്റ്റിലാകുന്നത്. കേസുമായി ബന്ധപ്പെട്ട് സിഐ ക്രിസ്പിന്‍ സാമിനെയും റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ്ജിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സ്വന്തം ലേഖകന്‍
















