കേരളത്തിലെ കാലാവസ്ഥയില്‍ തീരദേശം മുതല്‍ സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത വിളയാണ് കുടംപുളി. കുടംപുളിയുടെ ഉണങ്ങിയ പുറംതോടാണ് കറികളില്‍ ഉപയോഗിക്കുന്നത്. തോട്ടുപുളി, റമ്പുളി, പിണറ്റുപുളി, മലബാര്‍പുളി എന്നീ പേരുകളിലും കുടംപുളി അറിയപ്പെടാറുണ്ട്.
തൈകള്‍ നട്ടാല്‍ 50 -60 ശതമാനം ആണ്മരങ്ങളാവാനാണ് സാധ്യത. പെണ്‍മരങ്ങളായാല്‍ത്തന്നെ കായ്ക്കാന്‍ 10 -12 വര്‍ഷം എടുക്കും. ഇതൊഴിവാക്കാനായി ഒട്ടുതൈകള്‍ നടുന്നതാണ് ഉത്തമം. തനിവിളയായോ തെങ്ങിന് തോപ്പുകളില്‍ ഇടവിളയായോ കുടംപുളി കൃഷിചെയ്യാം. ജൂണ്‍ -ജൂലൈ മാസങ്ങളില്‍ തൈകള്‍ നടുന്നതാണ് നല്ലത്. ഉറുമ്പുകളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളാണെങ്കില്‍ നടുമ്പോള്‍ കുഴികളില്‍ പത്തുഗ്രാം വീതം കാര്‍ബണ്‍ രാസകീടനാശിനി വിതറുന്നതും നല്ലതാണ്. നട്ടശേഷം പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
നട്ട ആദ്യവര്‍ഷം ഒരു ചെടിയ്ക്ക് 10 കിലോഗ്രാം ജൈവവളം 43 ഗ്രാം യൂറിയ, 90 ഗ്രാം രാജ്ഫോസ്, 83 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ഇട്ടുകൊടുക്കുന്നത് പുളിമരങ്ങള്‍ ബലവത്തായി വളരാന്‍ സഹായിക്കും. രണ്ടാം വര്‍ഷം മുതല്‍ ജൈവ രാസവള പ്രയോഗത്തിന്റെ അളവ് കൂട്ടിക്കൊണ്ട് വരണം. 15 വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് ഒരു കിലോഗ്രാം യൂറിയ 1.2 കിലോ രാജ്ഫോസ് 1.6 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന ക്രമത്തില്‍ വളപ്രയോഗം നടത്തണം.
കുടംപുളി നല്ല ഉയരത്തില്‍ വളരുന്ന മരമായതിനാല്‍ കൊമ്പുകോതല്‍ അത്യാവശ്യമാണ്. ഒട്ടുതൈകളുടെ വളര്‍ച്ച രണ്ടാം വര്‍ഷം മുതല്‍ ദ്രുതഗതിയിലായിരിക്കും. ഈ കാലയളവില്‍ താങ്ങ് കൊടുക്കല്‍ നിര്‍ബന്ധമാണ്. അഞ്ചുവര്‍ഷം പ്രായമായ മരങ്ങള്‍ക്ക് 3.5, നാലു മീറ്റര്‍ ഉയരവും, ഏഴുവര്‍ഷം പ്രായമായ മരങ്ങള്‍ക്ക് 4.4, അഞ്ച് മീറ്റര്‍ ഉയരവും ലഭിക്കത്തക്കവിധത്തില്‍ വേണം കൊമ്പുകള്‍ കോതിക്കൊടുക്കാന്‍. കുടംപുളി നഴ്സറിയിലും മാറ്റിനട്ട തൈകളിലും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം കാണാറുണ്ട്.
ഇല കാര്‍ന്നുതിന്നുന്ന പുഴുക്കള്‍, വണ്ടുകള്‍, നീരൂറ്റിക്കുടിക്കുന്ന ശല്ക്കകീടങ്ങള് എന്നിവയാണ് പ്രധാന കീടങ്ങള്‍. നീരൂറ്റിക്കുടിക്കുന്ന ശല്‍ക്കകീടങ്ങള്‍ക്കെതിരെ മെറ്റാറൈസിയം അനൈസോ പ്ലിയേ എന്ന മിത്ര കുമിളും പുഴുക്കള്‍ക്കെതിരെ ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിളും 20ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കി തളിച്ചുകൊടുക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യാം.
കുടംപുളിയുടെ ഒട്ടുതൈകള്‍ മൂന്നാംവര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ പൂക്കുകയും ജൂലൈ ആകുമ്പോഴേക്കും കായ്കള്‍ മൂപ്പെത്തുകയും ചെയ്യും. ചില സമയങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കായ്ക്കുന്നതായും കാണാറുണ്ട്.
കുടംപുളിയുടെ ഫലം, വിത്തുകള്‍, വേരുകള്‍, ഇലകള്‍ എന്നിവ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. വാതത്തിനും ഗര്‍ഭാശയരോഗങ്ങള്‍ക്കും കുടംപുളി കഷായം നല്ലൊരു ഔഷധമാണ്. പനിയും ജലദോഷവും ഉണ്ടാകുമ്പോള്‍ കരുമുളകും കുടംപുളിയുമിട്ട കാപ്പി കുടിക്കുന്നതും രോഗശമനത്തിന് നല്ലതാണ്. ദഹനക്കേട്, വയറുവേദന, അണുബാധ, പഴുപ്പ്, അര്‍ശസ് എന്നിവയുടെ ശമനത്തിനും കുടംപുളി ഉപയോഗിക്കാറുണ്ട്.
സംസ്കരിക്കാന്‍ വേറിട്ട വഴി
കുടംപുളി സംസ്കരണം പലപ്പോഴും ബുദ്ധിമുട്ടുള്ള ജോലിയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടംപുളി വിളവെടുപ്പിന് പാകമെത്തുന്നത്. പഴുത്ത പുളിശേഖരിച്ച് വിത്തുമാറ്റി വെയിലത്തുണക്കി പുകയേല്പ്പിച്ചാണ് സംസ്കരിക്കുന്നത്. നല്ല മഴക്കാലത്ത് വിളവെടുപ്പെത്തുന്നതാണ് കുടംപുളി സംസ്കരണത്തില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. പുളിയുണക്കാന്‍ വെയിലില്ലാതെ വരുന്നതും വിറകുപയോഗിച്ച് ചൂടുനല്കി സംസ്കരിക്കാന്‍ ആവശ്യത്തിന് വിറക് ലഭിക്കാറുമില്ല. ലഭിച്ചാല്‍ തന്നെ ഇതിന് അധിക സമയം വേണ്ടിവരുന്നതുമെല്ലാം കുടംപുളി സംസ്കരണത്തില്‍ നിന്ന് കര്‍ഷകരെ അകറ്റുന്നു. ഈ സാഹചര്യത്തില്‍ പുളി സംസ്കരിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്.
പഴുത്തപുളി ശേഖരിച്ച് കഴുകി കുരുവും ഞെട്ടും മാറ്റുക. വെള്ളം വാര്‍ന്നു പോയതിനുശേഷം അടപ്പുള്ള ജാറുകളില്‍ മലര്‍ത്തി അടുക്കുക. ഇതിനു മീതേ കല്ലുപ്പോ, ഇന്തുപ്പോ വിതറാം. ഓരോ അടുക്കിനു മേലെയും ഉപ്പു വരുന്നതിനാല്‍ കീടബാധയുണ്ടാവില്ല. ജാറു നിറച്ച് അടച്ചുവയ്ക്കുക. ഇങ്ങനെ 100 -120 ദിവസം സൂക്ഷിക്കുന്ന പുളി പുറത്തെടുത്ത് തണലില്‍ പോളിത്തീന്‍ ഷീറ്റില്‍ വിതറി സൂക്ഷിക്കാം. ഇങ്ങനെ സംസ്കരിക്കുന്ന പുളിക്ക് ഗുണമേന്മയും അധികമായിരിക്കും. ഇത്തരത്തില്‍ സംസ്കരിക്കുന്ന പുളി വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും.
പുളി സംസ്കരിക്കുന്നതില്‍ നിന്നും ലഭിക്കുന്ന ലായിനി കുപ്പികളിലാക്കി ശേഖരിച്ചുവച്ചാല്‍ കറികളില്‍ പുളിക്കു പകരം ചേര്‍ക്കുകയുമാവാം. ഈ ലായിനി 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തെങ്ങിന്തടത്തില് ഒഴിച്ചുകൊടുക്കുന്നത് ഏറെ ഗുണപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: