എ. ശ്രീകാന്ത്
കൊല്ലം: ബീഫ് ഫെസ്റ്റിവലിന്റെ കണക്കുകള്‍ നിരത്തി എസ്എഫ്‌ഐയുടെ സംഘടനാ റിപ്പോര്‍ട്ട്. കൊല്ലത്തെ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് വിതരണം ചെയ്ത റിപ്പോര്‍ട്ടിലാണ് ജില്ലതിരിച്ചുള്ള ബീഫ് ഫെസ്റ്റുകളുടെ എണ്ണമുള്ളത്. കൂടുതല്‍ കോഴിക്കോടും (56) കുറവ് വയനാട്ടിലും (6). എറണാകുളം 52, മലപ്പുറം 37, കോട്ടയം 25, തൃശൂര്‍ 20, തിരുവനന്തപുരം 20, കണ്ണൂര്‍ 18, ഇടുക്കി 8, പാലക്കാട് 19, കാസര്‍കോട് 10, ആലപ്പുഴ 9, പത്തനംതിട്ട 17. കൊല്ലം 12. കേന്ദ്രസര്‍ക്കാരിനും ആര്‍എസ്എസിനുമെതിരെ ഇതിലൂടെ ജനവികാരം സൃഷ്ടിക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
ആവേശം പണം പിരിച്ചെടുക്കുന്നതിലും ഉണ്ടാകണമെന്ന് സൂചിപ്പിച്ചാണ് ഫണ്ട് പ്രവര്‍ത്തനം വിവരിക്കുന്നത്. അഖിലേന്ത്യാ ഫണ്ട്, ചെന്നൈ ഫണ്ട്, വിയറ്റ്‌നാം ഫണ്ട്, റഷ്യന്‍ ഫണ്ട്, ഓഖി ഫണ്ട്, മറാട്ടുവാഡ ഫണ്ട് എന്നിങ്ങനെയാണ് പണം പിരിച്ചത്. എന്നാല്‍ ഇത് ചെയ്യുന്നതില്‍ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും വീഴ്ച വരുത്തി. വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംത്തിട്ട ജില്ലകള്‍ വിയറ്റ്‌നാം ഫണ്ട് അടയ്‌ക്കാന്‍ പോലും തയ്യാറായില്ല. വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ ചെന്നൈ ഫണ്ട് മേല്‍കമ്മിറ്റിക്ക് നല്‍കിയില്ല. പ്രവര്‍ത്തനഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയ തൃശൂര്‍, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളെ പ്രത്യേകം വിമര്‍ശിക്കുന്നുണ്ട്. ഓഖി ഫണ്ട് പിരിവില്‍ ഭൂരിപക്ഷം ജില്ലകളും വീഴ്ച വരുത്തി.
എസ്എഫ്‌ഐയുടെ കേഡര്‍ക്ഷാമം രൂക്ഷമാണെന്ന് സൂചിപ്പിക്കുമ്പോഴും ഇതര വിദ്യാര്‍ഥി യൂണിയനുകള്‍ക്കെതിരെ വിഷംചീറ്റുന്ന പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍. കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ്, എബിവിപി, എസ്‌ഐഒ, കാമ്പസ് ഫ്രണ്ട് എന്നിവയെല്ലാം കാമ്പസുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന കടുത്ത വര്‍ഗീയ-പിന്തിരിപ്പന്‍ സംഘടനകളെന്നാണ് പരാമര്‍ശം.
മുഖമാസികകളായ സ്റ്റുഡന്റും ഷീയും പ്രചരിപ്പിക്കുന്നതില്‍ കോഴിക്കോട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലാകമ്മിറ്റികള്‍ കാട്ടിയ വീഴ്ചകളെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ആലപ്പുഴയില്‍ ഷീ മാസിക പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ചതായും ആരോപിക്കുന്നു. 140 പേജുള്ള റിപ്പോര്‍ട്ട് ഇന്നലെ പ്രതിനിധികള്‍ ചര്‍ച്ച ചെയ്ത് പാസാക്കി.
















