അമരാവതി: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ ഉപദേശകസ്ഥാനം (കമ്യൂണിക്കേഷന്‍) പറകാല പ്രഭാകര്‍ രാജിവെച്ചു. കേന്ദ്ര പ്രതിരോധമന്ത്ര നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവാണ് പ്രഭാകര്‍. പ്രതിപക്ഷകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ്, പ്രഭാകര്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ആന്ധ്രയെ ബ്ലാക്മെയില്‍ ചെയ്യുന്നുവെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിരുന്നു.
തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുവെന്നും കുടുംബാംഗം മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാരണത്താലാണതെന്നും പ്രഭാകര്‍ രാജിക്കത്തില്‍ വിശദീകരിക്കുന്നു. തൊഴിലും രാഷ്‌ട്രീയ വിശ്വാസവും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന് പറയുന്ന കത്തില്‍, താന്‍ ഉപദേശക സ്ഥാനത്ത് തുടരുന്നത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ക്ഷീണിപ്പിക്കുമെന്നു കരുതുന്നതിനാലാണ രാജിയെന്നും വിശദീകരിക്കുന്നു.
ആന്ധ്രയില്‍ ചന്ദ്രബാബു നായഡുവിന്റെ സര്‍ക്കാരില്‍നിന്ന് ബിജെപി മാര്‍ച്ച് 16 ന് പിന്‍മാറിയിരുന്നു. ചിരഞ്ജീവിയുടെ പാര്‍ട്ടിയായ പ്രജാ രാജ്യത്തിന്റെ മുന്‍ രാജ്യസഭാ എംപിയായിരുന്ന പ്രഭാകറിനെ 2014 ജൂലൈയിലാണ് ചന്ദ്രബാബു നായിഡു ഉപദേശകനായി നിയമിച്ചത്.
















