കൊച്ചി: മനോരമയെയും സിപിഎം മുഖപത്രം ദേശാഭിമാനിയെയും ട്രോളി രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ദേശാഭിമാനി ആലപ്പുഴ എഡിഷന്റെ ഉദ്ഘാടന വേദിയില്‍ മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു നടത്തിയ പ്രസംഗത്തെയും ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെയുമാണ് ജയശങ്കര്‍ പരിഹസിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.
‘ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകും’ (ട്രോളല്ല) എന്ന തലക്കെട്ടിലാണ് ജയശങ്കറിന്റെ പോസ്റ്റ്. ”കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയന്‍. വികസനവഴികളില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു മുന്നോട്ടു പോകാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്.
കേരളം ഇതുപോലെ മുന്നോട്ടു പോയാല്‍ ഒരു പറുദീസയാകുമെന്ന് ഉറപ്പ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജലപാത യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടു വര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി വളരുമെന്നതില്‍ സംശയമില്ല. അതു നടപ്പാക്കാന്‍ മുന്‍കൈ എടുത്ത മുഖ്യമന്ത്രിക്കും ടീമിനും എല്ലാ ആശംസകളും നേരുന്നു…’
ആരാണ് വെള്ളം കൂട്ടാതെ ഇത്രയും വലിയ സത്യം മാലോകരെ അറിയിച്ചത്? തമ്പിച്ചായന്‍ എന്നു വിളിപ്പേരുളള ഫിലിപ്പ് മാത്യു; മലയാള മനോരമ പത്രാധിപന്‍. ദേശാഭിമാനി ആലപ്പുഴ എഡിഷന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.
ഭൂമിയ്‌ക്കു സുറുമയിട്ട വീരന്മാരാണ് മനോരമക്കാര്‍. അവരില്‍ ഏറ്റവും വിരുതനാണ് തമ്പിച്ചായന്‍. മാത്തുക്കുട്ടിച്ചായന്റെ കച്ചവട ബുദ്ധിയും അന്നമ്മ കൊച്ചമ്മയുടെ ഹൃദയലാവണ്യവും ഒത്തിണങ്ങിയ അപൂര്‍വ പ്രതിഭ. കേരളത്തെ പറുദീസയാക്കാനും പിണറായി വിജയന്‍ കര്‍ത്താവീശോമിശിഹായുടെ അവതാരമാണെന്ന് പറഞ്ഞു ഫലിപ്പിക്കാനും പോന്നവന്‍.
എന്തിനാണച്ചായാ, മനുഷ്യനെ ഇങ്ങനെ വടിയാക്കുന്നത്? എന്ന ചോദ്യത്തോടെയാണ് ജയശങ്കറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ പലവട്ടം ചാനലിലൂടെ അധിക്ഷേപിച്ച മനോരമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് മനോരമയെ പരിഹസിച്ച് ജയശങ്കര്‍ രംഗത്തെത്തിയത്.
















