Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ശ്യാംകൃഷ്ണ by ശ്യാംകൃഷ്ണ
Jun 28, 2026, 12:04 pm IST
in Varadyam

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍/ ശ്യാംകൃഷ്ണ

അങ്ങയുടെ കവിതാപഠനങ്ങളില്‍ ‘കരുണയിലെ ബുദ്ധസാന്നിധ്യ’വും ‘നചികേതസ്സ്: സത്യാന്വേഷിയുടെ മുക്തിവച’സ്സും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കുമാരനാശാന്റെ അവസാന കൃതിയായ കരുണയിലെ ബുദ്ധദര്‍ശനം ഭാരതീയദര്‍ശനസാരം തന്നെയാണെന്ന് അങ്ങ് സമര്‍ത്ഥിക്കുന്നു. നചികേതസ്സെന്ന പി. രവികുമാറിന്റെ ഉജ്ജ്വലകൃതി ഭാരതീയദര്‍ശനത്തിന്റെ അചഞ്ചലമായ ശാസ്ത്രീയസത്യത്തെ നിസ്സംശയം അരക്കിട്ടുറപ്പിക്കുന്നു. ആശാനില്‍നിന്ന് പി. രവികുമാറിലേക്കുള്ള മലയാളകവിതാസാഹിത്യത്തിന്റെ സഞ്ചാരദൂരത്തെ അങ്ങെങ്ങനെ നോക്കിക്കാണുന്നു?

= സാഹിത്യത്തിലെ സാന്ദ്രവും സമുന്നതവുമായ രൂപമാണ് കവിത. ഓരോ തവണ വായിക്കുമ്പോഴും പുതുതായ അനുഭവതലം സമ്മാനിക്കുന്ന രചനകള്‍ക്കാണ് നിലനില്‍ക്കാന്‍ കഴിയുന്നത്. വായനക്കാരനെ വീണ്ടും വീണ്ടും ക്ഷണിക്കുകയും പുതുമ അനുഭവപ്പെടുത്തുകയും ചെയ്യുന്നത് ആലോചനയുടെ അനേകവിതാനങ്ങളും ആസ്വാദനത്തിന്റെ അപൂര്‍വതലങ്ങളും സമ്മാനിച്ച കൃതികളാണ്. ആശാന്‍കവിതയ്‌ക്ക് ആ ഗുണങ്ങളുണ്ട്. ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ മൂന്ന് ആശാന്‍കൃതികള്‍ ബുദ്ധമതസംബന്ധിയാണ്. ഇക്കാരണത്താല്‍ ആശാന്‍ ബുദ്ധമതാനുയായി ആയിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. തികച്ചും അടിസ്ഥാനരഹിതമാണ് ഈയഭിപ്രായം. ബുദ്ധന്റെ ദര്‍ശനസ്രോതസ്സ് ഉപനിഷത്തുകളാണെന്ന് പണ്ഡിതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഭഗവദ്ഗീത നിര്‍ദ്ദേശിക്കുന്ന കര്‍മയോഗം പ്രയോഗത്തില്‍ വരുത്തുകയാണ് ശ്രീബുദ്ധന്‍ ചെയ്തതെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മതവിശ്വാസത്തെക്കുറിച്ചുള്ള ആശാന്റെ സുചിന്തിതമായ നിലപാട് ‘മതപരിവര്‍ത്തനരസവാദ’ത്തില്‍ കാണാം. ‘ദുരവസ്ഥ’യുടെ മുഖവുരയിലും സ്വാനുഭവനിഷ്ഠമായ ധാരണ വിശദമാക്കിയിട്ടുണ്ട് കുമാരനാശാന്‍. എല്ലാറ്റിലുമുപരി തന്റെ പ്രവര്‍ത്തനങ്ങളും ജീവിതദര്‍ശനവും ആശാന്റെ മതവിശ്വാസത്തെ സംശയരഹിതമായി വെളിവാക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളുടെ അപഗ്രഥനമാണ് ‘കരുണയിലെ ബുദ്ധസാന്നിധ്യ’ത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

ആശാന്‍കവിതയില്‍ അനുഭവവേദ്യമാകുന്ന ദാര്‍ശനികലാവണ്യം പി. രവികുമാറിന്റെ രചനകളും പകര്‍ന്നുതരുന്നുണ്ട്. അദ്ദേഹത്തിന്റെ നചികേതസ്സിനു മാത്രമല്ല, എം.ഡി. രാമനാഥന്നും പട്ടിനത്താര്‍ക്കും കൂടി ഈ പ്രത്യേകതയുണ്ട്. എഴുത്തച്ഛന്‍ ഉള്‍പ്പെടെയുള്ള എത്രയോ കവികളുടെ ആവിഷ്‌കാരങ്ങളില്‍ക്കൂടി ആ അനുഭൂതിയുടെ ആലക്തികശോഭ പ്രസരിക്കുന്നുണ്ട്, മലയാളകവിതയില്‍. ഈവിധം അനുഭവംകൊണ്ടുമാത്രം കവിത എഴുതിപ്പോവുകയും കവിയായിത്തീരുകയും ആ ധര്‍മനിര്‍വഹണത്തിനുശേഷം എല്ലാറ്റിലുംനിന്നു വിരമിക്കുകയും ചെയ്യുന്ന തീരെച്ചുരുക്കം വ്യക്തികളേയുള്ളൂ നമ്മുടെ നാട്ടില്‍.

ചിന്തയുടെ പരമോച്ചമായ ദര്‍ശനസഫലത നിമിത്തം താന്‍ അഭിവീക്ഷിച്ചതും അനുഭവിച്ചതുമായവയെ ഭാഷയിലേക്കു സ്രവിപ്പിച്ചു പ്രശാന്താവസ്ഥയിലേക്കു പിന്‍വാങ്ങുന്ന സ്വസ്ഥചിത്തരായ ആ കവികളുടെ കൂട്ടത്തിലൊരാളാണ് പി.രവികുമാര്‍. ലോകസാഹിത്യത്തില്‍നിന്ന് അവശ്യം വായിച്ചിരിക്കണമെന്ന് അങ്ങ് നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളേതൊക്കെ?

= പ്രത്യേകിച്ചൊന്നുമില്ല. തന്റെ അഭിരുചിക്കും ആവശ്യത്തിനും അനുസരിച്ചുള്ള കൃതികളാണ് ഓരോ വ്യക്തിയും വായിക്കേണ്ടതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഒരു പരന്ന വായനക്കാരനല്ല. എന്നാല്‍ ചില കൃതികള്‍ ഞാന്‍ ആവര്‍ത്തിച്ചുവായിക്കാറുണ്ട്. വായിച്ച് സ്വായത്തമാക്കുന്ന അനുഭൂതി ചിലപ്പോള്‍ വായിക്കാതെ തന്നെ കൈവരുകയും നിലനില്‍ക്കുകയും ചെയ്യുമെങ്കില്‍ അതുമിതുമൊന്നും വായിക്കണമെന്നില്ലല്ലോ. ജീവിതത്തിന്റെ ഉണ്മ തെളിച്ചുകാട്ടുകയും നിലനില്‍പ്പിന്റെ രഹസ്യം ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്ന കൃതികള്‍ക്കാണ് പ്രസക്തിയുള്ളത്. ഭാരതീയസാഹിത്യത്തില്‍ പല ഭാഷകളില്‍ എഴുതപ്പെട്ട ധാരാളം കൃതികള്‍ അങ്ങനെയുണ്ട്. വിശ്വസാഹിത്യത്തിന്റെ കാര്യവും ഭിന്നമല്ല. അവയില്‍നിന്ന് വേണ്ടതു കണ്ടെത്തുക.

നോവല്‍പഠനങ്ങളില്‍ സിവിയുടെ രാഷ്‌ട്രീയനോവലുകളും മലയാറ്റൂരിന്റെ വേരുകളും മറവിയുടെ ചെപ്പില്‍നിന്ന് അങ്ങ് തിരിച്ചെടുത്ത് വായനക്കാര്‍ക്കു സമര്‍പ്പിച്ചവയാണ്. പുതിയകാലത്ത് ഇനി ഇത്തരം രാഷ്‌ട്രീയനോവലുകളും ജീവിതവേരുകളിലൂന്നിയ കൃതികളും ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടോ?

= ആസക്തി, അധികാരം, വിധിയുടെ അലംഘനീയത, പൗരുഷത്തിന്റെ അദൃശ്യപ്രഭാവം തുടങ്ങിയ ഗൗരവപ്രശ്‌നങ്ങളാണ് സിവി സാഹിത്യത്തിന്റെ അടിസ്ഥാനധാര. ഇപ്രകാരം ജീവിതത്തിന്റെ അന്തര്‍ധാരകളെ നിര്‍ധാരണം ചെയ്യുന്ന രചനകള്‍ പിന്നീടും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ബഷീറും ഉറൂബും വിജയനുമൊക്കെ ആ നിരയില്‍ ഇടംനേടിയവരാണ്. ആ ധാര തുടരുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തിലിപ്പോള്‍ പ്രകടസാന്നിധ്യം അറിയിക്കുന്ന സാഹിത്യരൂപമാണ് നോവല്‍. ആഖ്യാനത്തിലും വീക്ഷണത്തിലും അത് ബഹുരൂപമാര്‍ജ്ജിച്ചിരിക്കുന്നു. ശ്രദ്ധേയമായ രചനകള്‍ ധാരാളമുണ്ട്. കൂട്ടത്തില്‍ ശ്യാംകൃഷ്ണയുടെ ‘മമ്മ’ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ്. വര്‍ത്തമാനകാലജിവിതത്തില്‍ രക്തബന്ധത്തില്‍പ്പോലും വന്നുചേര്‍ന്ന ഉദാസീനതയും ലാഭാസക്തിയും വികാരരാഹിത്യവും അപൂര്‍വ പ്രതികാരവാഞ്ഛയുമൊക്കെ വിഭ്രമാത്മകവും അവിശ്വസനീയവുമായ വിധത്തില്‍ ആവിഷ്‌കരിക്കുന്ന ദാര്‍ശനികമാനമുള്ള രചനയാണത്.

സിവിയുടെ കൃതികളെയും ബഷീറിയന്‍സാഹിത്യത്തെയും ഒരു അനുഭവസമ്പന്നനായ വിമര്‍ശകനെങ്ങനെ നോക്കിക്കാണുന്നുവെന്നറിയാന്‍ കൗതുകമുണ്ട്.

= ജീവിതത്തെ ഗൗരവപൂര്‍വം വീക്ഷിച്ച എഴുത്തുകാരാണ് സി.വി. രാമന്‍പിള്ളയും വൈക്കം മുഹമ്മദ് ബഷീറും. ജീവിതം എന്ന പ്രഹേളികയെ പിന്തുടരാനും അതിലെ സമസ്യകള്‍ പൂരിപ്പിക്കാനും നിഗൂഢതകള്‍ കണ്ടെത്താനും നിരന്തരം യത്‌നിച്ചവരുമാണ് അവര്‍ രണ്ടുപേരും. അതുകൊണ്ടുതന്നെ അവരുടെ കൃതികള്‍ ദര്‍ശനപ്രധാനമാണ്. അവരുടെ ദര്‍ശനം ദൈവനീതിയില്‍ അധിഷ്ഠിതവുമാണ്. സിവി തന്റെ പ്രൗഢമായ ഭാഷയും ഭാവനയും ഉപയോഗിച്ച് മഹാസൗധം കണക്കെയുള്ള സാഹിത്യശില്‍പ്പങ്ങള്‍ നിര്‍മിച്ചു. ബഷീര്‍ ലളിതവും സാധാരണവുമായ ഭാഷയും സംഭവങ്ങളുംകൊണ്ട് അസാധാരണമായ കൃതികള്‍ പൂര്‍ത്തിയാക്കുകയാണുണ്ടായത്. രണ്ടുപേരുടെയും രചനകളില്‍ നര്‍മം സമൃദ്ധമായി വിളഞ്ഞുകിടക്കുന്നു. ദര്‍ശനപ്രധാനമായ മനസ്സിന്റെ നിസ്സംഗമായ വിമര്‍ശനത്തില്‍നിന്ന് ഉറവെടുക്കുന്നതാണല്ലോ നര്‍മം. ബഷീര്‍ക്കൃതികളിലെ സാധാരണത്വം അതിനെ സാര്‍വജനീനമാക്കുന്നു. സിവിയുടെ ഭാഷ സാധാരണവായനക്കാരനു വിലങ്ങുതടിയാകുന്നുണ്ടെങ്കിലും അതു തരണം ചെയ്തുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കൃതികള്‍ സാര്‍വകാലികമാണെന്ന് ബോദ്ധ്യപ്പെടുന്നതായിരിക്കും.

സംസ്‌കാരപഠനങ്ങളില്‍ ദൈവത്തെ വേട്ടയാടുന്നവര്‍ എന്ന രചന ഏറെ പ്രസക്തമാണ്. ലോകം ദൈവത്തെക്കൊണ്ട് വേട്ടയാടിച്ചും ദൈവങ്ങളെ വേട്ടയാടിയും മുന്നോട്ടുകുതിക്കുമ്പോള്‍ സാധാരണമനുഷ്യരുടെ നിസ്സഹായത ആര്‍ക്കു കാണാന്‍ സാധിക്കും? ദൈവത്തെ മോഡേണ്‍ മാരകായുധങ്ങളാക്കുന്ന ലോകത്തിന്റെ ഭാവി ഇരുളടഞ്ഞതാണോ?

= ആനന്ദിന്റെ ‘വേട്ടക്കാരനും വിരുന്നുകാരനും’ എന്ന പഠനഗ്രന്ഥത്തിന്റെ വിശകലനമാണ് ‘ദൈവത്തെ വേട്ടയാടുന്നവര്‍.’ ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ മതമൗലികവാദത്തെക്കുറിച്ചുള്ള ആനന്ദിന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളുമാണ് അതിലുള്ളത്. ഒരു സഹസ്രാബ്ദമായി ഭാരതത്തെ ആവേശിച്ച ഇസ്ലാമിക, ക്രൈസ്തവ അധിനിവേശങ്ങളുടെ ചരിത്രം ആനന്ദ് ഇതില്‍ വിവരിക്കുന്നു. ഇവിടത്തെ രാഷ്‌ട്രീയകക്ഷികള്‍ മിക്കതും വോട്ട് എന്ന സങ്കുചിതലക്ഷ്യത്തിനു വേണ്ടി എല്ലാത്തരം തിന്മകള്‍ക്കു നേരെയും കണ്ണടയ്‌ക്കുന്നു, എന്നല്ല അവയെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുരോഗമനവാദികള്‍, ബുദ്ധിജീവികള്‍ എന്നൊക്കെ കരുതപ്പെടുന്നവര്‍ പോലും വേട്ടക്കാരനായ ദൈവത്തിനു ചൂട്ടുപിടിക്കുന്നവരായി മാറുന്നു.

ഈ അവസരങ്ങള്‍ മുതലെടുത്ത് ഭീകരവാദികളും തീവ്രവാദികളും മതമൗലികവാദികളും കൂടി ലോകത്തെ ഇരുണ്ടയുഗത്തിലേക്കു പിന്‍നടത്തുകയാണ്. ശാസ്ത്രസാങ്കേതികത സമ്മാനിക്കുന്ന നവീനസൗകര്യങ്ങള്‍ ഉപയോഗിച്ച് ഭീകരര്‍ നമ്മെ പ്രാകൃതഗോത്രജീവിതത്തിന്റെ ഇരുണ്ട ലോകത്തേക്കു തള്ളിവിടുന്നു. അത്യന്തം ഭീതിദമാണ് ഈയവസ്ഥ. സാധാരണരും നല്ലവരുമായ മനുഷ്യര്‍ ഇവിടെ തികച്ചും നിസ്സഹായരാകുന്നു. പക്ഷേ ഇവിടെ ഒന്നും സ്ഥിരമല്ലല്ലോ. അതുകൊണ്ട് ഈ ഇരുട്ടിന് അറുതിവരുമെന്നും, നന്മയുടെ വെളിച്ചം പരക്കുമെന്നും തന്നെ നമുക്കു പ്രത്യാശിക്കണം. ഭാരതീയദര്‍ശനം പകരുന്ന വിവേകവും അതാണല്ലോ.

രാമായണവിചിന്തനം എന്ന പഠനം ആദികാവ്യം അനശ്വരകാവ്യമാകുന്നതെങ്ങനെയെന്ന് നിസംശ്ശയം കാട്ടിത്തരുന്നു. ആദിയും അന്തവും അനശ്വരതയെന്ന പ്രത്യക്ഷാനുഭവത്തില്‍ പതിയുന്ന വെറും ഭ്രമചിത്രങ്ങളാണെന്ന ഉപനിഷത് പ്രഖ്യാപനത്തെ അങ്ങ് സമ്മിശ്രവികാരങ്ങളിലൂടെ വിചാരത്തിലുറപ്പിക്കുന്നു. അനശ്വരസത്യത്തിലേക്ക് അങ്ങയെ അടുപ്പിച്ച മഹാഗുരുക്കന്മാരെക്കുറിച്ച് അറിയാന്‍ എനിക്കൊരാഗ്രഹം.

= ഗുരുക്കന്മാരില്‍ തുടങ്ങാം. ആദ്യഗുരു അമ്മ തന്നെ. പരമഗുരുവായ ചട്ടമ്പിസ്വാമികളില്‍നിന്നു മന്ത്രോപദേശം ലഭിച്ച മുത്തച്ഛന്‍ ശ്രീനാരായണതീര്‍ത്ഥപാദര്‍ കുലഗുരുവാണ്. മാനസഗുരുക്കന്മാര്‍ പലരുണ്ട്, എന്റെ ജ്യേഷ്ഠസഹോദരന്‍ എം. സനല്‍കുമാര്‍ ഉള്‍പ്പെടെ. അവരില്‍ പ്രൊഫസര്‍ ജി. ബാലകൃഷ്ണന്‍ നായര്‍ ഉന്നതസ്ഥാനത്തു വിരാജിക്കുന്നു. അതിന്റെ കാരണം, ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കാന്‍ സഹായിച്ച ഭഗവദ്ഗീതയിലേക്കു പ്രവേശിച്ചത് അദ്ദേഹത്തിന്റെ ‘ശിവാരവിന്ദം മഹാഭാഷ്യ’ത്തിലൂടെ ആയതാണ്.

‘രാമായണവിചിന്തനം’ നല്ല സ്വീകാര്യത നേടിയ പുസ്തകമാണ്. അത് പൂര്‍ണമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. രാമായണത്തെക്കുറിച്ചു വീണ്ടും പഠിക്കുകയും, മനനം നടത്തുകയും ചെയ്ത് അതിനെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ട്.

നവീനോത്തരനിരൂപണം ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്. നിരൂപകരെത്തന്നെ നിരൂപിക്കുന്ന അങ്ങ് മലയാളനിരൂപണസാഹിത്യത്തിന്റെ ഭാവിയെ എങ്ങനെ നോക്കിക്കാണുന്നു?

= സമൂഹത്തിലെന്നപോലെ സാഹിത്യത്തിലും അധീശശക്തിയായിരുന്ന മാര്‍ക്‌സിസം അപ്രസക്തമായി. അതിനെത്തുടര്‍ന്ന് നിരൂപണം ബഹുമുഖമായി മാറി. കാവ്യമീമാംസയുടെയും സാഹിത്യസിദ്ധാന്തങ്ങളുടെയും സൗന്ദര്യശാസ്ത്രത്തിന്റെയും വീഥികളില്‍നിന്ന് അത് അകന്നു കഴിഞ്ഞു. വസ്തുനിഷ്ഠസമീപനവും അന്തര്‍വിദ്യാപരതയും ഒക്കെ നിരൂപണത്തിന്റെ പുതുവിതാനങ്ങളാണ്. എങ്കിലും നമ്മുടേതായ സാഹിത്യസിദ്ധാന്തങ്ങള്‍ ഉണ്ടാകുന്നില്ല എന്ന പരിമിതി മലയാളനിരൂപണത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. വൈദേശികഭ്രമങ്ങളില്‍നിന്നു മുക്തമാകാന്‍ അതിനു ത്രാണി ഉണ്ടായിട്ടില്ല.

ഇന്ന് കൃതി വായിക്കുകയോ അതിനെപ്പറ്റി പഠിക്കുകയോ ചെയ്യാതെ ഏത് ആശയവും ഇന്റര്‍നെറ്റിലൂടെ കൈപ്പിടിയിലാക്കാം. അതുപോലെ ആര്‍ക്കും എന്തുസ്വഭാവത്തിലുള്ള രചന നടത്താനും സാധിക്കും. ഇവിടത്തെ പല കൃതികളുടെയും പുറപ്പാടിന്റെ പശ്ചാത്തലമിതാണ്. സ്വന്തം അമര്‍ഷത്തിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും സ്പര്‍ദ്ധയുടെയും അപകര്‍ഷത്തിന്റെയും വിഷം വമിപ്പിക്കാനുള്ള അവസരമായി ഇതിനെയൊക്കെ പലരും ഉപയോഗിക്കുന്നു. തീവ്രവാദം, മതമൗലികവാദം, വിഘടനവാദം, രാഷ്‌ട്രവിരുദ്ധപ്രവര്‍ത്തനം തുടങ്ങിയവ നടത്തിക്കൊണ്ടിരിക്കുന്ന ഛിദ്രശക്തികളുടെ ആശയങ്ങള്‍വരെ സാഹിത്യപഠനമെന്ന മേല്‍വിലാസത്തില്‍ കടത്തിവിടുന്നുണ്ട്. നീണ്ടകാലത്തെ ശ്ലാഘനീയ സേവനത്തിലൂടെ സംസ്‌കാരത്തിന്റെ പാകനിര്‍ണയം നടത്തിക്കൊണ്ടിരുന്ന പ്രസിദ്ധീകരണങ്ങള്‍ പോലും ഇപ്പോള്‍ ഈ വഴിക്കാണെന്നത് ദുഃഖസത്യം മാത്രമാണ്. അല്ലാത്തവയ്‌ക്ക് അവര്‍ അവസരം നിഷേധിക്കുന്നു. ഇതിനു മാറ്റം വരും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

നവീനതയ്‌ക്കു ശേഷം (Post Modern) മലയാളനിരൂപണത്തിലുണ്ടായ ഭാവുകത്വവ്യതിയാനത്തെ വിലയിരുത്താനാണ് ‘നവീനോത്തരനിരൂപണം’ എന്ന കൃതിയിലൂടെ ശ്രമിച്ചത്. അതുകൊണ്ട് ഇതിനെ അതിവിമര്‍ശത്തിന്റെ (Meta Criticism) ഭാഗമായി കാണാവുന്നതാണ്.
(തുടരും)

Tags: Malyalam LiteratureMeta CriticismPost ModernMalayalam criticismരാമായണവിചിന്തനംBashkirian Literature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ചികിത്സാവൃത്തിയിലെ അനുഭവ സമാഹാരം

പുതിയ വാര്‍ത്തകള്‍

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.