ന്യൂദല്‍ഹി: സൗജ്യ ഭക്ഷണ പൊതു വിതരണം നടത്തുന്ന സേവാ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സേവാ ഭോജ് യോജന എന്നാണ് മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് പേര്. ട്രസ്റ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി എന്നിവ ഒഴിവാക്കി കൊടുക്കുന്നതാണ് പദ്ധതി.സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലേക്കുള്ള ഒരു ചുവടുവെപ്പുകൂടിയാകും പദ്ധതി.
ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ആര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്ന ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കാണ് സഹായം നല്‍കുക. ഭക്ഷണം, പ്രസാദം, സാമൂഹ്യ അടുക്കള, ഭണ്ഡാരം എന്നിവ നടത്തുന്നവര്‍ക്ക് സഹായം കിട്ടും. പൊതു ജനങ്ങള്‍ക്കോ വിശ്വാസികള്‍ക്കോ ഭക്ഷണം നല്‍കുന്ന സംവിധാനമാകണം. ഇവിടേക്ക് വാങ്ങുന്ന നിശ്ചിത വസ്തുക്കള്‍ക്ക് കേന്ദ്ര നിയന്ത്രണത്തിലുള്ള സേവന-ചരക്ക് നികുതികളാണ് ഒഴിവാക്കുക. നെയ്യ്, ഭക്ഷ്യ എണ്ണ, ആട്ട, മൈദ, റവ, ധാന്യപ്പൊടികള്‍, അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ശര്‍ക്കര, ചക്കര തുടങ്ങിയവയ്‌ക്ക് ഈ ഇളവ് ലഭിക്കും.
ചെലവാകുന്ന തുകക്ക് നല്‍കുന്ന രേഖകള്‍ പരിശോധിച്ച് പണം തിരികെ നല്‍കുന്നതായിരിക്കും സംവിധാനം. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ പദ്ധതിയാണിത്. 325 കോടി രൂപയാണ് അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തേക്ക് നീക്കിവെച്ചിട്ടുള്ളത്.
ക്ഷേത്രം, ഗുരുദ്വാര, ക്രിസ്ത്യന്‍ പള്ളി, മോസ്‌ക്, ധര്‍മാശ്രമങ്ങള്‍, ദര്‍ഗ, മഠങ്ങള്‍, ബുദ്ധ വിഹാരങ്ങള്‍ തുടങ്ങിയയുടെ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തിക്കുന്ന സേവാ സംഘടനകള്‍ക്കാണ് അര്‍ഹത. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം ഉണ്ടാകണം. മാസം 5000 പേര്‍ക്ക് ഭക്ഷണം കൊടുക്കുന്നവയാകണം. മറ്റു നിബന്ധനകളും ബാധകമായിരിക്കണം. ദര്‍പ്പണ്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ നല്‍കിക്കഴിഞ്ഞാല്‍ മന്ത്രാലയം സേവാ സംഘടനകളെ അര്‍ഹരുടെ പട്ടികയില്‍ ചേര്‍ക്കും.
















