കൊച്ചി: അളവെടുക്കുന്നതിനിടെ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച തുന്നല്‍ കടക്കാരന്‍ അറസ്റ്റില്‍. പോണേക്കര പള്ളിക്ക് സമീപം കട നടത്തുന്ന പ്രദീപ് (50) ആണ് എളമക്കര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പകല്‍ കട മുറിയിലായിരുന്നു പീഡനം.
10 വയസുകാരിയായ ബാലിക ചുരിദാര്‍ തുന്നാന്‍ ദിവസങ്ങള്‍ മുമ്പു മാതാവിനൊപ്പം കടയില്‍ എത്തി അളവെടുത്തിരുന്നു. കഴിഞ്ഞ ദിവസം കടയ്‌ക്കു സമീപം പെണ്‍കുട്ടി തനിച്ചെത്തിയപ്പോള്‍ പ്രദീപ് അകത്തേക്ക് വിളിച്ചു. അളവു കുറിച്ച കടലാസ് കാണാതായെന്നും വീണ്ടും അളവെടുക്കണമെന്നും പറഞ്ഞു. തുടര്‍ന്നു ടേപ്പ് ഉപയോഗിച്ചു അളവെടുക്കുന്നതിനിടെ ശരീര ഭാഗങ്ങളില്‍ കടന്നു പിടിക്കുകയായിരുന്നു. കരഞ്ഞു കൊണ്ട് ഇറങ്ങിയോടിയ ബാലിക വീട്ടിലെത്തി മാതാവിനെ വിവരം അറിയിച്ചു.
അഡിഷണല്‍ എസ്ഐ വിനോജിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. വസ്ത്രങ്ങള്‍ തുന്നാന്‍ കടയിലെത്തുന്ന മറ്റു യുവതികളെയും കുട്ടികളെയും പീഡിപ്പിക്കുന്ന പതിവുണ്ടെന്നു പൊലീസ് അറിയിച്ചു. ഇയാള്‍ പിടിയിലായതറിഞ്ഞു കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി ഇന്നലെ സ്റ്റേഷനിലെത്തി. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















