സമയവും ദിവസവും കാലാവസ്ഥയും അറിയാന്‍ പഴമക്കാര്‍ തയ്യാറാക്കിയ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേലകള്‍. ഞാറിന്റെ വേളയാണ് ഞാറ്റുവേലയായത്. ഞായറെന്നാല്‍ സൂര്യനെയും വേള സമയത്തെയും സൂചിപ്പിക്കുന്നു; അതായത് സൂര്യന്റെ സമയമാണ് ഞാറ്റുവേല എന്നര്‍ത്ഥം. കാലങ്ങളെ അറിഞ്ഞ്, ജീവിതവും കൃഷിയും ചിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നത് ഞാറ്റുവേലകളെയായിരുന്നു. ഭൂമി സൂര്യനെ വലം വയ്‌ക്കുന്ന പ്രദക്ഷിണവഴിയെ 27 സമഭാവങ്ങളാക്കി തിരിച്ചാണ് ഞാറ്റുവേല രൂപപ്പെടുത്തിയിരിക്കുന്നത്. മേടമാസത്തില്‍ ആരംഭിച്ച് മീനമാസത്തില്‍ അവസാനിക്കുന്ന കാര്‍ഷിക വര്‍ഷത്തെ പതിമൂന്നര ദിവസം വീതമുള്ള 27 ഭാഗങ്ങളാക്കിയിരിക്കുന്നു.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകളുടെ പേരിലാണ് ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. മേടം ഒന്നിന് ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയില്‍ തുടങ്ങുന്ന ഞാറ്റുവേല കലണ്ടര്‍ രേവതി ഞാറ്റുവേലയില്‍ അവസാനിക്കുന്നു. ഇതില്‍ പ്രധാനം മിഥുനമാസത്തിലെ തിരുവാതിര ഞാറ്റുവേലയാണ്. പുതുനാമ്പുകള്‍ പിറവിയെടുക്കുന്ന, പതിമൂന്നര ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ തിരുവാതിര ഞാറ്റുവേലയില്‍ മഴ, വെയില്‍, മഞ്ഞ് എന്നീ മൂന്ന് പ്രതിഭാസങ്ങള്‍ ഉണ്ടാകുമെന്നതാണ് പ്രത്യേകത. തിരിമുറിയാതെ പെയ്യുന്ന മഴയില്‍ വിരല്‍ ഒടിച്ചു കുത്തിയാല്‍ പോലും മുളയ്‌ക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
തിരുവാതിര ഞാറ്റുവേലയില്ലാതെ കുരുമുളകില്ല. തിരിമുറിയാതെ തിരുവാതിര എന്ന പഴമൊഴി ഇതിന് ഉദാഹരണമാണ്. തിരുവാതിര ഞാറ്റുവേല സമയത്ത് എപ്പോഴും ചന്നം പിന്നം മഴപെയ്തുകൊണ്ടേയിരിക്കും. ഇങ്ങനെ തിരിമുറിയാതെ പെയ്യുന്ന മഴയുടെ സഹായത്തോടെയാണ് കുരുമുളക് ചെടിയില്‍ പ്രജനനം നടക്കുന്നത്. 27 ഞാറ്റുവേലകളാണ് നമുക്കുള്ളത്. അവയ്‌ക്ക് 27 നാളുകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഈ ഞാറ്റുവേലകള്‍ എല്ലാംതന്നെ കേരളത്തിലെ കൃഷിയും സംസ്‌കാരവും ജീവിതവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്നവയാണ്.
ഞാറ്റുവേലകള്‍ പലത്
സൂര്യന്‍ ഒരു ജന്മനക്ഷത്രത്തിന്റെ പ്രദേശം കടന്നുപോകാന്‍ എടുക്കുന്ന സമയത്തെയാണ് ഞാറ്റുവേലയായി കണക്കാക്കുന്നത്. അശ്വതി നക്ഷത്രത്തിന് സമീപം സൂര്യന്‍ വരുമ്പോള്‍ അശ്വതി ഞാറ്റുവേല എന്നുപറയുന്നു. മേടം ഒന്നിനാണല്ലോ വിഷു. അന്നാണ് സൂര്യന്‍ അശ്വതി നക്ഷത്രത്തിലേക്കു പ്രവേശിക്കുന്നത്. അന്നുമുതല്‍ 14 ദിവസം അശ്വതി ഞാറ്റുവേലയായും തുടര്‍ന്നുള്ള 14 ദിവസത്തെ ഭരണി ഞാറ്റുവേലയായും, കണക്കാക്കുന്നു. ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരുവാതിര ഞാറ്റുവേലയാണ്. ഒരുമാസത്തില്‍ 21/ 4 ഞാറ്റുവേലകള്‍ വീതം ഉണ്ടായിരിക്കും. (ഉദാഹരണത്തിന് മേടമാസത്തില്‍ അശ്വതി, ഭരണി, കാര്‍ത്തിക 1/4). ഇവ 14 ദിവസംവരെ നീണ്ടു നില്‍ക്കും. ഏതാണ്ട് ആറു ഞാറ്റുവേലകളില്‍ കൂടിയാണ് കാലവര്‍ഷം കടന്നുപോകുന്നത്. കാലവര്‍ഷം, തുലാവര്‍ഷം എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലാണ് കേരളത്തില്‍ മഴലഭിക്കുന്നത്. ഉച്ചതിരിയും നേരം തുടങ്ങി പിറ്റേന്ന് വെളുപ്പാന്‍കാലംവരെ തോരാതെ പെയ്തുകൊണ്ടിരിക്കുന്ന രീതിയാണ് തുലാവര്‍ഷത്തിലെ മഴയ്‌ക്ക് കണ്ടുവരാറുള്ളത്. എന്നാല്‍ ഇടവപ്പാതി കനത്ത ശക്തിയില്‍ പെയ്യുകയും പിന്നെ കുറേ നേരം ഒഴിവായിരിക്കുകയും ചെയ്യും. ഇടവിട്ട് പെയ്യുന്ന സ്വഭാവംകൊണ്ടും ഇടവം പകുതിയില്‍, കേരളത്തില്‍ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങുന്നതുകൊണ്ടും ഇതിനെ ഇടവപ്പാതി എന്നു വിളിക്കുന്നു.
അശ്വതി ഞാറ്റുവേല: ഏപ്രില്‍ 14 മുതല്‍ 27 വരെയുള്ള ദിവസങ്ങളാണ് അശ്വതി ഞാറ്റുവേല. ഈ സമയത്ത് രണ്ടു വിളവ് കൃഷിചെയ്യുന്ന നിലങ്ങളില്‍ ഒന്നാം വിളയായി നെല്‍ക്കൃഷി ചെയ്യാം. വിത്തുതേങ്ങ സംഭരിക്കുന്നതിനും, കുരുമുളക് കൃഷിക്കായുള്ള താങ്ങുകാലുകള്‍ പിടിപ്പിക്കുവാനും ഈ ദിവസങ്ങള്‍ പ്രയോജനപ്പെടുത്താം.
ഭരണി ഞാറ്റുവേല: ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെയുള്ള ഭരണി ഞാറ്റുവേല തേങ്ങ, പയര്‍ തുടങ്ങിയവയുടെ കൃഷിക്കു അനുയോജ്യമാണ്. ഈ കാലയളവില്‍ ലഭിക്കുന്ന മഴയും വിളകളുടെ വളര്‍ച്ചയ്‌ക്ക് ഉത്തമമാണ്. പച്ചക്കറി ഇനങ്ങളായ വഴുതന, മുളക് തുടങ്ങിയവയും പാകി മുളപ്പിക്കാം. കൂടാതെ പറമ്പുകളില്‍ കൃഷിചെയ്യുന്ന നെല്ലിനങ്ങളായ ചാമ, മോടന്‍ എന്നിവയും വിതയ്‌ക്കാന്‍ പറ്റിയ അവസരമാണ് ഇത്.
കാര്‍ത്തിക ഞാറ്റുവേല: മെയ് 10 മുതല്‍ 24 വരെ വരുന്ന ദിവസങ്ങളില്‍ രണ്ടു കൃഷിചെയ്യുന്ന നിലങ്ങളില്‍ ഒന്നാം വിളയായി തയ്യാറാക്കിയിരിക്കുന്ന പൊടി ഞാറ് നടാം. വിതച്ച നെല്ലിന് കളപറിച്ച് വളം ചേര്‍ക്കാനും, പുതിയ കുരുമുളക് കൊടികള്‍ നടാനും, പച്ചക്കറി നഴ്‌സറി തയ്യാറാക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ കൃഷിയും ഈ അവസരത്തില്‍ ചെയ്യാം. രോഹിണി ഞാറ്റുവേല: മെയ് 24 മുതല്‍ ജൂണ്‍ ഏഴുവരെ ദിവസങ്ങളാണ് തേങ്ങ പാകുന്നതിനും തെങ്ങുകളില്‍ വളംചേര്‍ത്ത് തടം കോരുന്നതിനും ഉത്തമം. പയര്‍ വിതയ്‌ക്കുന്നതിനും നാടന്‍ വാഴ തൈകള്‍ നടുന്നതിനും ഈ ഞാറ്റുവേലയില്‍ സാധിക്കും.
മകയിരം ഞാറ്റുവേല: ജൂണ്‍ ഏഴു മുതല്‍ 21 വരെ പച്ചക്കറിക്കള്‍ക്ക് വളപ്രയോഗം നടത്തുന്നതിനും, തെങ്ങ്, കവുങ്ങ്, റബര്‍ തുടങ്ങിയവയുടെ തൈകള്‍ നടുന്നതിനും നന്ന്.
തിരുവാതിര ഞാറ്റുവേല: ജൂണ്‍ 21 മുതല്‍ ജുലൈ മൂന്നുവരെയുള്ള കാലയളവാണ് തിരുവാതിര ഞാറ്റുവേല. ഏതു ചെടികളും നട്ടുവളര്‍ത്തന്നതിന് യോജ്യമായ ദിവസങ്ങളാണ് ഇത്. കുരുമുളക് ചെടിയുടെ പരാഗണം ഈ സമയത്താണ് നടക്കുന്നത്.
പുണര്‍തം ഞാറ്റുവേല: ജൂലൈ മൂന്ന് മുതല്‍ 18 വരെയുള്ള പുണര്‍തം ഞാറ്റുവേല ദിവസങ്ങള്‍ തിരുവാതിര ഞാറ്റുവേല പോലെത്തന്നെ ഉത്തമമാണ.് ഈ ഞാറ്റുവേല കാലയളവില്‍ ലഭിക്കുന്ന മഴയും തുടര്‍ന്നു ഉറവ പൊട്ടി മണ്ണിലേക്ക് ലഭിക്കുന്ന ജലവും വിളകളുടെ വളര്‍ച്ചയ്‌ക്ക് അനുയോജ്യമാണ്. അമരവിത്ത് നടാന്‍ പറ്റിയ സമയവും ഇതുതന്നെ.
പൂയം ഞാറ്റുവേല: ജുലൈ 18 മുതല്‍ ആഗസ്റ്റ് മൂന്നു വരെയുള്ള കാലയളവിനെ പൂയം ഞാറ്റുവേല എന്നു പറയും. മൂപ്പുകൂടിയ നെല്ലിനങ്ങള്‍ രണ്ടാം വിളയ്‌ക്കായി ഞാറിടാം. സുഗന്ധവ്യഞ്ജനവിളകള്‍ക്ക് വളം ചേര്‍ക്കുന്നതിന് ഈ ദിവസങ്ങള്‍ തെരഞ്ഞെടുക്കാം.
ആയില്യം ഞാറ്റുവേല: ആഗസ്റ്റ് മൂന്ന് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ രണ്ടു കൃഷിയുള്ള പാടശേഖരങ്ങളില്‍ കരിങ്കൊറ (മൂപ്പേറിയ വിത്തിനങ്ങള്‍) നടാന്‍ സാധിക്കും. നെല്ലിന്റെ വളപ്രയോഗത്തിനും പറ്റിയ അവസരമാണ് ഇത്.
മകം ഞാറ്റുവേല: എള്ള് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയാണ് ആഗസ്റ്റ് 16 മുതല്‍ 30 വരെയുള്ള മകം ഞാറ്റുവേല. കരനെല്ല് കൃഷിചെയ്യുന്ന പ്രദേശത്ത് വിളവെടുപ്പിന് ശേഷം എള്ള് കൃഷി ചെയ്യാം.
പൂരം ഞാറ്റുവേല: ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 13 വരെയുള്ള പൂരം ഞാറ്റുവേലയില്‍ ഇരുപ്പൂ നിലങ്ങളില്‍ ഒന്നാം വിളയുടെ കൊയ്‌ത്തിനുശേഷം രണ്ടാം വിളയ്‌ക്കായി നിലം ഒരുക്കാം. വര്‍ഷകാല പച്ചക്കറി വിളവെടുപ്പും ഈ കാലയളവില്‍ നടത്താം.
ഉത്രം ഞാറ്റുവേല: സെപ്തംബര്‍ 13 മുതല്‍ 26 വരെയുള്ള ഞാറ്റുവേലയില്‍ രണ്ടാം വിളയായി നെല്‍കൃഷി ആരംഭിക്കാം.
അത്തം ഞാറ്റുവേല: സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള അത്തം ഞാറ്റുവേലയില്‍ രണ്ടാം വിളയ്‌ക്കു വേണ്ടത്ര ജലം ലഭിക്കാത്ത സ്ഥലങ്ങളില്‍ എള്ള്, മുതിര എന്നിവയുടെ കൃഷി ആരംഭിക്കാം. അത്തം ഞാറ്റുവേല അവസാനിക്കുന്നതിനു മുമ്പ് രണ്ടാം വിളയായി ചെയ്യുന്ന നെല്‍കൃഷിയുടെ ഞാറുനടല്‍ തീര്‍ന്നിരിക്കണം. കൂടാതെ കുരുമുളക് ചെടിയുടെ വള്ളികള്‍ താങ്ങുകാലുകളോട് ചേര്‍ത്തുകെട്ടാം.
ചിത്തിര ഞാറ്റുവേല: ഒക്ടോബര്‍ 10 മുതല്‍ 23 വരെയുള്ള ചിത്തിര ഞാറ്റുവേലയില്‍ നേന്ത്രവാഴ കൃഷി ചെയ്യുന്നതിനും, തെങ്ങ, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്ക് വളം ചേര്‍ക്കുന്നതിനും, കിഴങ്ങുകളുടെ വിളവെടുക്കുന്നതിനും അനുയോജ്യമാണ്.
ചോതി ഞാറ്റുവേല: ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ ആറുവരെയുള്ള ചോതി ഞാറ്റുവേലയില്‍ പയര്‍ കൃഷി ചെയ്യുന്നതിനും രണ്ടാംവിളയായ നെല്ലിന് വളം ചേര്‍ക്കുന്നതിനും അനുയോജ്യമാണ്. ഈ ഞാറ്റുവേലയില്‍ മഴയുടെ ലഭ്യതയ്‌ക്കു ഗണ്യമായ കുറവ് വരാം.
വിശാഖം ഞാറ്റുവേല: നവംബര്‍ ആറു മുതല്‍ 19 വരെ കൃഷി സ്ഥലത്തെ മണ്ണിളക്കി; മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രമിക്കണം.
അനിഴം ഞാറ്റുവേല: നവംബര്‍ 19 മുതല്‍ ഡിസംബര്‍ രണ്ടു വരെയുള്ള കാലയളവില്‍ വേനല്‍ക്കാല പച്ചക്കറിക്കുള്ള നേഴ്‌സറി തയ്യാറാക്കാം.
തൃക്കേട്ട ഞാറ്റുവേല: ഡിസംബര്‍ രണ്ടു മുതല്‍ 15 വരെ വരുന്ന ഞാറ്റുവേലയില്‍ നെല്ലിന് ഉണ്ടാകാന്‍ സാധ്യതയുള്ള ചാഴിശല്യത്തിനെതിരെ പ്രതിവിധിമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. കൂടാതെ ഉയര്‍ന്ന നിലങ്ങളിലെ മുണ്ടകന്‍ കൊയ്‌ത്തിനും കോള്‍നിലങ്ങളിലെ പുഞ്ചകൃഷിക്കുമുള്ള അവസരമാണ്.
മൂലം ഞാറ്റുവേല: ഡിസംബര്‍ 15 മുതല്‍ 28 വരെ മുണ്ടകന്‍ കൊയ്‌ത്ത് കാലമാണ്.
പൂരാടം ഞാറ്റുവേല: ഡിസംബര്‍ 28 മുതല്‍ ജനുവരി 10 വരെയുള്ള കാലത്ത് വേനല്‍നനയ്‌ക്കല്‍ ആരംഭിക്കാം.
ഉത്രാടം ഞാറ്റുവേല: ജനുവരി 10 മുതല്‍ 23 വരെയുള്ള സമയം പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, ചീര എന്നിവയുടെ കൃഷിക്ക് അനുയോജ്യമാണ്.
കൂടാതെ വേനല്‍ക്കാല പച്ചക്കറി കൃഷിക്കുള്ള ജലലഭ്യത ഉറപ്പുവരുത്തണം.
തിരുവോണം ഞാറ്റുവേല: ജനുവരി 23 മുതല്‍ ഫെബ്രുവരി അഞ്ചു വരെയുള്ള കാലയളവിനുശേഷം പാടത്ത് പച്ചക്കറി കൃഷി ഉത്തമമല്ല.
അവിട്ടം ഞാറ്റുവേല: ഫെബ്രുവരി അഞ്ചു മുതല്‍ 18 വരെയുള്ള അവിട്ടം ഞാറ്റുവേലയില്‍ വിത്ത് തേങ്ങ സംഭരിക്കാം. നേന്ത്ര വാഴയ്‌ക്കുള്ള നന ഒഴിവാക്കാം.
ചതയം ഞാറ്റുവേല: ചേന, കാവത്ത്, കിഴങ്ങ് തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമായ കാലമാണ് ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് നാല് വരെയുള്ള ചതയം ഞാറ്റുവേല.
പൂരൂരുട്ടാതി ഞാറ്റുവേല: മാര്‍ച്ച് നാലുമുതല്‍ 17 വരെയുള്ള കാലത്ത് വിളകള്‍ എല്ലാം നനയ്‌ക്കണം.
ഉത്രട്ടാതി ഞാറ്റുവേല: പുഞ്ചക്കൊയ്‌ത്ത് നടത്താനും വിത്തുതേങ്ങ സംഭരിക്കാനും പറ്റിയകാലമാണ് മാര്‍ച്ച് 17 മുതല്‍ 30 വരെയുള്ള ഈ ഞാറ്റുവേല.
രേവതി ഞാറ്റുവേല: മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 14 വരെ ഒന്നാം വിളയ്‌ക്കായി ഉഴുതിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: