പോഖ്രാനില്‍ അണു പരീക്ഷണം നടന്ന 1998നും ഇന്നത്തെ കാലഘട്ടത്തിനും സമാനതകള്‍ പലതുമുണ്ട്. രാജ്യത്തെ നിര്‍ണായകമായി ബാധിച്ച രണ്ട് ശക്തമായ തീരുമാനങ്ങള്‍ ഉണ്ടായത് ഈ സമയങ്ങളിലാണ്. അന്നെടുത്ത ധീരമായ തീരുമാനം ആദ്യമുണ്ടാക്കിയ തിരിച്ചടികളും പിന്നീടുണ്ടാക്കിയ മുന്നേറ്റങ്ങളും നാം കണ്ടല്ലോ. ഏറ്റവും വലിയ വിമര്‍ശനവും വെല്ലുവിളികളും ഉണ്ടായത് രാജ്യത്തിനകത്തുനിന്നുതന്നെയാണ്. ഇന്ത്യയ്‌ക്ക് അണുബോംബ് ആവശ്യമില്ല, ഇത് ചൈനയെ വെല്ലുവിളിക്കാനാണ് എന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. ഇത് അസമയത്താണ്. രാജ്യം വലിയ വിലകൊടുക്കേണ്ടി വരും എന്നതായിരുന്നു കോണ്‍ഗ്രസ് നിലപാട്. വെല്ലുവിളികളെ ധീരതയോടെ നേരിട്ടപ്പോള്‍ ലോകം ഭാരതത്തിന്റെ വഴിക്ക് വന്നതിന് ഇന്ന് ചരിത്രം സാക്ഷി.
ഇതുപോലെ ധീരമായ ഒരു തീരുമാനമായിരുന്നു 2016 നവംബറില്‍ നടന്ന നോട്ടു നിരോധനം. അതേത്തുടര്‍ന്ന് രാജ്യം നീങ്ങിയത് കടുത്ത പ്രതിസന്ധികളിലൂടെയാണ്. അവസരം പാര്‍ത്തിരുന്ന പ്രതിപക്ഷകക്ഷികള്‍ രാജ്യത്ത് വലിയ കലാപത്തിനു വരെ കൊപ്പുകൂട്ടിയിരുന്നു. കള്ളപ്പണ ശ്രംഖലകള്‍ തകര്‍ന്നപ്പോള്‍ അവയെ ആശ്രയിച്ച് നിന്ന വലിയൊരു വിഭാഗം മാളത്തില്‍ പുക കയറിയ എലികളെപ്പോലെ പാഞ്ഞു. രാഷ്‌ട്രീയക്കാരും മാധ്യമങ്ങളും മോദി വിരോധം പരമാവധി പ്രചരിപ്പിച്ചു. അടുത്ത രണ്ടു പാദങ്ങളില്‍ സാമ്പത്തികവളര്‍ച്ച കൂപ്പുകുത്തി. പിന്നാലെ ജിഎസ്ടി കൂടി വന്നപ്പോള്‍ കാര്യങ്ങള്‍ വീണ്ടും ആശങ്കയിലായി. രാജ്യം തകരാന്‍ പോകുന്നു, സാമ്പത്തികവളര്‍ച്ച നില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു.
ധീരവും സാഹസികവുമായ തീരുമാനങ്ങള്‍ രാജ്യനന്മക്ക് വേണ്ടി എടുത്ത് വെല്ലുവിളികളെ അതിജീവിച്ച അനുഭവങ്ങള്‍ സര്‍ക്കാരിനുള്ളത് കൊണ്ട് ഈ പ്രതിസന്ധിയെയും രാജ്യം മറികടന്നു കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ച കുതിപ്പിലേക്ക് തിരിച്ചെത്തി, നികുതിവരുമാനം കുത്തനെ കൂടി. ഇന്ന് ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക രംഗം നമ്മുടെതാണ്.
എങ്കിലും തുലനം ചെയ്താല്‍, ഇരുപത് കൊല്ലം മുന്‍പ് ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളെയും പിടിച്ചു കുലുക്കിയ ആ മഹാസ്‌ഫോടനം തന്നെയാണ് മുന്നില്‍. സമര്‍പ്പണവും, ദീര്‍ഘദര്‍ശനവും, രാജ്യസ്‌നേഹവും ഒത്തുചേര്‍ന്ന രാജ്യനേതൃത്വത്തിന് ഒരു വെല്ലുവിളിയും പ്രശ്‌നമല്ല എന്നതിന്റെ മകുടോദാഹരണമായിരുന്നു അത്. ഓപ്പറേഷന്‍ ശക്തി. വെറുമൊരു ശക്തിപ്രകടനം മാത്രമായിരുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട ഈ മഹാരാജ്യത്തിന്റെ അഭിമാനത്തിന്റെ വിളംബരം കൂടിയായിരുന്നു.
















