കൊല്‍ക്കത്ത:തന്നെ കൊല്ലാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
‘ ചില പാര്‍ട്ടികള്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. ഇതിന് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിക്കഴിഞ്ഞു, അവര്‍ എന്റെ വീടും പരിസരവും നിരീക്ഷിച്ചു. പോലീസ് എന്നോട് കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്,” മമത പറഞ്ഞു.
”കാളിഘട്ടിലെ വീട്ടില്‍ അവര്‍ എത്തി. ഞാന്‍ ഇക്കാര്യം അറിഞ്ഞത് ഭരണത്തിന്റെ ഭാഗമായതിനാലാണ്. പോലീസ് പലവട്ടം എന്നോട് വീടുമാറാന്‍ പറഞ്ഞു, ഞാന്‍ നിരസിച്ചു. എനിക്ക് മരിക്കാന്‍ പേടിയില്ല.ഞാന്‍ സുരക്ഷാ വലയത്തില്‍ കഴിയുമെന്നു വന്നാല്‍ ജനങ്ങളില്‍നിന്ന് അകലുന്നുവെന്നാണ് അര്‍ഥം,” ഒരു ബംഗാളി ടെലിവിഷന്‍ ചാനലില്‍ മമത പറഞ്ഞു.
എന്നാല്‍, ആരാണ് ഈ ഗൂഢപദ്ധതിയുടെ പിന്നിലെന്ന് പറയാന്‍ തൃണമൂല്‍ നേതാവ് തയ്യാറായില്ല. ഈ ഭീഷണിക്കാര്യം തന്റെ പാര്‍ട്ടിയിലോ ബന്ധുക്കളിലോ ആര്‍ക്കും ഇക്കാര്യം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ഞാന്‍ മരിച്ചാലും എന്റെ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല,” മമത പറഞ്ഞു.
















