കോഴിക്കോട്: ബുദ്ധിജീവികളും എഴുത്തുകാരും പക്ഷപാതികളായതോടെ അനീതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള അവരുടെ അവകാശം ഇല്ലാതായിരിക്കുകയാണെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞു. ബാലസാഹിതി പ്രകാശന്റെ കുഞ്ഞുണ്ണി പുരസ്‌കാരം പി. ആര്‍. നാഥന് നല്‍കിസംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിജീവികള്‍ പല തലത്തിലായിരിക്കുന്നു. ഇടതും വലതും പലതുമായി വിഭജിക്കപ്പെടുന്ന ബുദ്ധിജീവികള്‍ തന്റെ സ്വന്തം പക്ഷത്തിന്റെ അനീതികളെ നീതിയായി ചിത്രീകരിക്കേണ്ടിവരുന്നു. ബുദ്ധിജീവികളും എഴുത്തുകാരും അത്തരം പക്ഷം പിടിക്കാതെ നീതിയുടെ പക്ഷക്കാരായി മാറാന്‍ കഴിയണം. ഒരു പക്ഷത്തിനുവേണ്ടിയല്ല, താന്‍ ജീവിക്കുന്ന ലോകത്തിന് വേണ്ടി അവര്‍ക്ക് ശബ്ദിക്കാന്‍ കഴിയണം. നല്ലതിനെ നല്ലതായും ചീത്തയെ ആ നിലയിലും കാണാന്‍ കഴിയണം. ആചാരങ്ങളോ അനുഷ്ഠാനക്രിയകളോ അല്ല യജ്ഞഭാവനയാണ് സനാതന ധര്‍മ്മമെന്ന് തെളിയിച്ച കുഞ്ഞുണ്ണിമാഷ് വിഭാഗീയതകള്‍ക്ക് അതീതമായി നിലകൊണ്ട വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഗോപി പ്രശസ്തി പത്രം നല്‍കി. ഡോ. ഗോപി പുതുക്കോട്, കുഞ്ഞുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ.വി. തോമസ് ബാലസാഹിതി പ്രകാശന്റെ അഞ്ച് പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പി.പി. ശ്രീധരനുണ്ണി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഉഷാ കേശവരാജ്, ലത്തീഫ് പറമ്പില്‍, ശ്രീലാസ്, എം.എ. അയ്യപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി. ആര്‍. നാഥന്‍ മറുപടി പ്രസംഗം നടത്തി.
പി.കെ. ഗോപിയുടെ ”പൊക്കിള്‍ക്കൊടിയുടെ വീട്” ഡോ. ഗോപി പുതുക്കോടിന്റെ ‘വഴിവിളക്കുകള്‍’, പി. ആര്‍. നാഥന്റെ ‘ദ്വാരകയിലെ വര്‍ത്തമാനങ്ങള്‍’, തിരൂര്‍ ദിനേശന്റെ ‘കുട്ടികള്‍ക്ക് കുറെ കഥകള്‍’, കാസിം വാടാനപ്പള്ളിയുടെ ‘കിളിമകള്‍ പാടുന്നു’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
















