തലശ്ശേരി അണ്ടലൂരിലെ സന്തോഷ്, പയ്യന്നൂര്‍ രാമന്തളിയിലെ ബിജു, പയ്യന്നൂരില്‍ത്തന്നെയുള്ള രാമചന്ദ്രന്, ഇരിട്ടി തില്ലങ്കേരിയിലെ ബിനീഷ്, പിണറായിയിലെ രമിദ്, ഇപ്പോഴിതാ തലശ്ശേരിയിലെ ഷമേജ്… സിപിഎമ്മിന്റെ രക്തദാഹം തീരുന്നില്ല. പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരയാവുന്ന ആറാമത്തെ ബിജെപി പ്രവര്‍ത്തകനാണ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷമേജ്. കൂത്തുപറമ്പ് കണ്ണവത്തെ ശ്യാമപ്രസാദ് എന്ന എബിവിപി പ്രവര്‍ത്തകനെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയതിലും സിപിഎമ്മിന്റെ ഒത്താശയുണ്ടായിരുന്നു. രണ്ട് വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പിണറായി ഭരണത്തിന് കീഴില്‍ കണ്ണൂരില്‍ മാത്രം പന്ത്രണ്ട് പേര് കൊലചെയ്യപ്പെട്ടിരിക്കുന്നു. വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കണ്ണൂരില്‍ മാത്രം സിപിഎം ജീവനപഹരിക്കുന്ന എണ്‍പത്തിയേഴാമത്തെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണ് ഷമേജ് എന്നത് ജനാധിപത്യ വിശ്വാസികളെയും സമാധാനകാംക്ഷികളെയും നടുക്കുന്ന വസ്തുതയാണ്.
മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നടത്തി കയ്യറപ്പ് തീര്‍ന്നവരാണ് സിപിഎമ്മുകാര്‍. രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തിയാല്‍പ്പോരാ, അത് മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തില്‍ അത്യന്തം ഹീനമായിരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. കണ്ണൂരില്‍ പിഞ്ചുവിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ കൊലപ്പെടുത്തിയതും, ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനെ പാര്‍ട്ടിവിട്ട കാരണത്താല്‍ വെട്ടിനുറുക്കിയതും മാത്രം മതി ഇതിന് തെളിവ്. അധികാരത്തിലിരിക്കുന്നു എന്നതിന്റെ ഭരണഘടനാ ബാധ്യതയൊന്നും അക്രമങ്ങളില്‍നിന്നും കൊലപാതകങ്ങളില്‍നിന്നും സിപിഎമ്മിനെ പിന്തിരിപ്പിക്കുന്നില്ല. സിപിഎം അധികാരത്തില്‍ വരുന്നതുതന്നെ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കാനാണെന്ന് പറയാം. കണ്ണൂരില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അക്രമ രാഷ്ട്രീയത്തിന് തുടക്കമിട്ട് വാടിക്കല്‍ രാമകൃഷ്ണന് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പിണറായി വിജയന് പ്രതിയായിരുന്നു. ടി.പി. ചന്ദ്രശേഖരനെ കൊലചെയ്ത സംഭവത്തെ മണിക്കൂറുകള്‍ക്കകം വാര്‍ത്താസമ്മേളനം നടത്തി ന്യായീകരിച്ച വ്യക്തിയുമാണ് പിണറായി. മുഖ്യമന്ത്രിയായതിനുശേഷവും അക്രമരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് പിണറായി കൈക്കൊള്ളുന്നത്.
മാഹിയിലെ കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന്റെ കയ്യിലെ രക്തക്കറ മായുന്നതിനു മുന്‍പേ അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി രംഗത്തുവന്നിരിക്കുന്നു. ക്രമസമാധാനനില മെച്ചപ്പെടുത്താനും കുറ്റാന്വേഷണം കാര്യക്ഷമമാക്കാനുമായി എന്നാണ് പിണറായി ലജ്ജയേതുമില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കണ്ണില്‍ച്ചോരയില്ലാത്ത രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമല്ല, നിരപരാധികളും, ജീവിക്കാന്‍ പാടുപെടുന്നവരുമായ പാവം മനുഷ്യരെ സിപിഎമ്മും പോലീസും ചേര്‍ന്ന് കൊല്ലാക്കൊല ചെയ്യുകയാണ്. കുട്ടികള്‍, സ്ത്രീകള്‍, ദുര്‍ബല ജനവിഭാഗങ്ങള്‍ എന്നിവരെയൊക്കെ നിരന്തരം ആക്രമിച്ച് വന്യമായ നിര്‍വൃതിയനുഭവിക്കുകയാണ് സിപിഎമ്മുകാര്‍. ഒരു പാവം വീട്ടമ്മയുടെ വയറ്റില്‍ വളരുന്ന ഭ്രൂണത്തെപ്പോലും ചവിട്ടിക്കൊന്ന സംഭവവുമുണ്ടായി. കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നിലനിന്ന രാജ്യങ്ങളില്‍ അരങ്ങേറിയ അതിക്രമങ്ങള്‍ ഏതാണ്ടെല്ലാം തന്നെ പിണറായി ഭരണത്തില്‍ കൊച്ചുകേരളത്തിലും ആവര്‍ത്തിക്കുകയാണ്. ഭരണത്തിന്റെ തണലില്‍ പലയിടങ്ങളിലും പി. ജയരാജനെപ്പോലുള്ള സിപിഎം നേതാക്കള്‍ റഷ്യന്‍ മാതൃകയിലെ കമ്മിസാര്‍മാരായി വാഴുകയാണ്. ഇവരെ അധികാരത്തില്‍നിന്ന് ഇറക്കിയതുകൊണ്ടു മാത്രമായില്ല, ജനങ്ങളില്‍നിന്നുതന്നെ, ജനാധിപത്യ മാര്‍ഗത്തിലൂടെ ഒറ്റപ്പെടുത്തണം. ഇതിനിനി ഒരുനിമിഷം പോലും വൈകിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: