ന്യൂദല്‍ഹി: നാഗലന്‍ഡ്, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും വിവാദമായ സായുധസേനാ പ്രത്യേകാധികാര നിയമം(അഫ്‌സ്പ) ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജിജു.
2015 ഏപ്രില്‍ 23ന് മേഘാലയ, അരുണാചല്‍ പ്രദേശിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നിയമം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിജിജുവിന്റെ പ്രസ്താവന.
ജമ്മു കശ്മീരിലെ നിയമവും പുന:പരിശോധിക്കുമെന്ന് റിജിജു പറഞ്ഞു. സംസ്ഥാനത്ത് കലാപം കുറഞ്ഞതിനെ തുടര്‍ന്ന് ത്രിപുരയില്‍ നിന്ന് നിയമം പിന്‍വലിക്കപ്പെട്ടിരുന്നു.
അന്വേഷണത്തിനും അറസ്റ്റിനുമുള്ള അധികാരം നല്‍കുന്ന നിയമമാണ് ഇത്. ആവശ്യമെങ്കില്‍ പൊതുജന സംരക്ഷണാര്‍ത്ഥം വെടിയുതിര്‍ക്കാനും നിയമം അധികാരം നല്‍കുന്നുണ്ട്. നിയമം സൈനികരെ നടപടികളില്‍ നിന്ന് ഒരു പരിധിവരെ പ്രതിരോധിക്കുന്നുമുണ്ട്.
കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും നിയമം പല പ്രദേശങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതായും റിജിജു പറഞ്ഞു. കൂടുതല്‍ മെച്ചപ്പെടുന്നതോടെ സമീപ ഭാവിയില്‍ ബാക്കിയുള്ള ഏതാനും മേഖലകളില്‍ നിന്നും നിയമം നീക്കം ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















