മുംബൈ/കാന്‍സാസ്: ഹൈദരാബാദില്‍ നിന്നുള്ള ഐടി എന്‍ജിനീയറെ അമേരിക്കയില്‍ വംശീയ വിദ്വേഷത്തെത്തുടര്‍ന്ന് വധിച്ച കേസില്‍ യുഎസ് നേവി ഉദ്യോഗസ്ഥന് എഴുപത്തെട്ടു വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുപ്പത്തിരണ്ടുകാരനായ ശ്രീനിവാസ് കുച്ചിഭോട്ട്‌ല കൊല്ലപ്പെട്ട കേസില്‍ ആഡം ഡബ്ല്യു പുരിന്‍ടോണ്‍ എന്ന 52കാരനെയാണ് കാന്‍സാസിലെ ഫെഡറല്‍ കോടതി ശിക്ഷിച്ചത്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ സംഭവമായിരുന്നു ഇത്.
സുഹൃത്ത് അലോക് മദസാനിക്കൊപ്പം ഒലാതെ നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശ്രീനിവാസിനു നേരെ പുരിന്‍ടോണ്‍ വെടിവെക്കുകയായിരുന്നു. എന്റെ രാജ്യത്തു നിന്നു പുറത്തു പോകൂ എന്ന് ആക്രോശിച്ചാണ് നിറയൊഴിച്ചത്. നിരവധി ബുള്ളറ്റുകളേറ്റ ശ്രീനിവാസ് പിന്നീട് ആശുപത്രിയില്‍ മരിച്ചു. വംശീയ അധിക്ഷേപത്തിന്റെ ക്രൂരമായ ഇര എന്ന് അന്ന് ശ്രീനിവാസനെ ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തെ അപലപിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ശ്രീനിവാസിനേയും സുഹൃത്തിനേയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുരിന്‍ടോണിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാന്‍ ഗ്രില്ലോട്ട് എന്ന ചെറുപ്പക്കാരന്‍ മനുഷ്യസ്‌നേഹത്തിന്റെ പ്രതീകവുമായി. നെഞ്ചിലും കൈയിലും വെടിയേറ്റ് ആശുപത്രിയിലായ ഗ്രില്ലോട്ട് പിന്നീട് സുഖം പ്രാപിച്ചു. നായകതുല്യനായി വിശേഷിപ്പിച്ച് ഗ്രില്ലോട്ടിനെ ഇന്ത്യ ആദരിച്ചിരുന്നു.
ശ്രീനിവാസിനെ വധിച്ച കേസില്‍ പുരിന്‍ടോണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഫെഡറല്‍ കോടതി വിധിച്ചിരുന്നു. അന്തിമഘട്ട വാദത്തിനു ശേഷം ഇന്നലെ ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. കൊലപാതക കുറ്റത്തിന് ജീവപര്യന്തം, രണ്ടു പേരെ വധിക്കാന്‍ ശ്രമിച്ചതിന് പതിമൂന്നു വര്‍ഷം വീതം എന്നിങ്ങനെയാണ് ശിക്ഷ. 52 വയസുകാരനായ പുരിന്‍ടോണിന് 78 വര്‍ഷം ജയില്‍ ശിക്ഷക്കു വിധിച്ചതോടെ മരണം വരെ തടവ് എന്നുറപ്പായി. നൂറു വയസാവുന്നതു വരെ ഇയാള്‍ക്ക് പരോളിനു അര്‍ഹതയില്ലെന്നും ഉത്തരവില്‍ പറയുന്നു.
ജിപിഎസ് നിര്‍മാണ കമ്പനിയായ ഗര്‍മിനില്‍ ഉദ്യോഗസ്ഥനായിരുന്ന ശ്രീനിവാസ് ഒലാതെ നഗരത്തിലെ റസ്റ്റോറന്റില്‍ വെച്ചാണ് വൈകുന്നേരങ്ങളില്‍ സുഹൃത്തുമായി കണ്ടിരുന്നത്. ഹൈദരാബാദിലെ ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശ്രീനിവാസ് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്‌ട്രോണിക്‌സില്‍ മാസ്റ്റര്‍ ഡിഗ്രി എടുക്കാനാണ് അമേരിക്കയില്‍ എത്തിയത്. പിന്നീട് അവിടെ ജോലി നേടുകയായിരുന്നു.
തനിക്കു ഭര്‍ത്താവിനെ തിരിച്ചു കിട്ടില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പായി ഈ ശിക്ഷ മാറുമെന്ന് ശ്രീനിവാസിന്റെ ഭാര്യ സുനയന ദുമാല പ്രതികരിച്ചു.
















