ഭുവനേശ്വര്‍: കരടിക്കടുത്തു നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ കരടി കൊന്നു. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ എടുത്തു. രംഗം കണ്ടെത്തിയ തെരുവുനായ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒഡീഷയിലെ നവരംഗപൂരിനു സമീപം കോട്ടപാഡിലാണ് സംഭവം.
പ്രഭു ഭാരതും കൂട്ടുകാരും ഒരു വിവാഹ ശേഷം കാറില്‍ മടങ്ങുകയായിരുന്നു. വഴിക്ക് വനപ്രദേശത്ത് മൂത്രമൊഴിക്കാന്‍ കാര്‍ നിര്‍ത്തി. ഈ സമയത്താണ് മുറിവേറ്റു കിടക്കുന്ന കരടിയെ കണ്ടത്. കൂട്ടുകാര്‍ തടഞ്ഞെങ്കിലും കരടിക്കടുത്തു നിന്ന് പ്രഭു സെല്‍ഫിയെടുക്കാന്‍ നീങ്ങി. സെല്‍ഫിക്ക് ശ്രമിക്കുമ്പോള്‍ വന്യമൃഗം ഇയാളെ പിടികൂടി കടിച്ചു കീറി. സംഭവ സ്ഥലത്തു തന്നെ ഇയാള്‍ മരിച്ചു. കൂട്ടുകാര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം വീഡിയോ എടുക്കുകയാണ് ചെയ്തത്. കാറിലിരുന്നും പുറത്തു നിന്നും മുഴുവന്‍ ദൃശ്യങ്ങളും അവര്‍ വീഡിയോയിലാക്കി.
കരടി പ്രഭുവിനെ ആക്രമിക്കുന്നതു കണ്ട ഒരു തെരുവുനായ ഓടിയെത്തി ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മയക്കുവെടി വച്ച് കരടിയെ കീഴ്‌പ്പെടുത്തിയാണ് മൃതദേഹം വിടുവിച്ചെടുത്തത്. അടുത്തിടെ മൂന്നുപേരെ കരടി കൊന്നിരുന്നു.
















