ഒരു ഗ്രാമത്തില്‍ പ്രഗത്ഭരായ രണ്ട് വിഷ വൈദ്യന്‍മാരുണ്ടായിരുന്നു. ഒരു ദിവസം അല്‍പ്പം സങ്കീര്‍ണമായ ഒരു കേസ് ഇതില്‍ ഒരാളുടെ അടുക്കലെത്തി. വൈദ്യന്‍ പരിശോധിച്ചപ്പോള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല. രോഗിയെ രക്ഷിക്കാനുള്ള ആഗ്രഹം കൊണ്ട് അദ്ദേഹം മറ്റേ വൈദ്യരേയും വിളിക്കാമെന്നും രണ്ടുപേരും കൂടി കൂട്ടായി ശ്രമിച്ചാല്‍ രോഗി രക്ഷപ്പെട്ടേക്കുമെന്നും അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ വരുത്തി. രണ്ടുപേരും കൂടി ചികിത്സ തുടങ്ങിയപ്പോള്‍ രോഗിക്ക് ആശ്വാസം അനുഭവപ്പെട്ടു. അപ്പോഴാണ് രണ്ടാമത്തെ വൈദ്യരുടെ കുരുട്ട് ബുദ്ധി ഉണര്‍ന്നത്. തന്റെ കൂടി ശ്രമഫലമായി രോഗി രക്ഷപ്പെട്ടാല്‍ അതിന്റെ സല്‍പ്പേര് ആദ്യത്തെ വൈദ്യന് ലഭിക്കും. അത് വേണ്ട. അദ്ദേഹം വീട്ടുകാരനായ വൈദ്യന്‍ ചെയ്യുന്ന ചികിത്സയുടെ നേര്‍വിപരീതക്രിയകള്‍ തുടങ്ങി. ഈ രണ്ട് വൈദ്യന്‍മാരുടേയും കൈയില്‍ കിട്ടിയ രോഗിയുടെ അവസ്ഥയാണ് ഇന്ന് കേരളത്തിന്റേത്. കേന്ദ്രം തരുന്ന പദ്ധതികള്‍ അതേപോലെ നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും അതുമൂലം അവര്‍ ബിജെ പിയോട് അടുക്കുകയും ചെയ്യുമോ എന്ന ഭയം കാരണം അവയ്‌ക്കെല്ലാം അള്ള് വെയ്‌ക്കുകയാണ് ഇവിടത്തെ ഭരണകക്ഷി. ഫലമോ? പട്ടിണി മരണങ്ങള്‍ തുടര്‍ക്കഥയാവുന്നു. നമുക്ക് വീണ്ടും അയല്‍നാട്ടില്‍ നിന്നു പെരുമാക്കന്മാരെ ക്ഷണിച്ചുകൊണ്ടു വരുന്നതിനെപ്പറ്റി ആലോചിച്ചാലോ?
ക്യാപ്റ്റന്‍ കെ വേലായുധന്‍
കണ്ണഞ്ചേരി കോഴിക്കോട്
















