ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. സ്പീക്കറായിരുന്ന കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. നിര്‍മല്‍ സിംഗ് ആയിരുന്നു നേരത്തെ ഉപമുഖ്യമന്ത്രി. എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം പിഡിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്കുമാണ്. എട്ട് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഏഴു പേരും പുതുമുഖങ്ങളാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ ശര്‍മ്മ, എംഎല്‍എമാരായ രാജീവ് ജസ്‌റോതിയ, ദേവീന്ദര്‍ കുമാര്‍ മന്യാല്‍, ശക്തി രാജ് എന്നിവര്‍ മന്ത്രിമാരായി ചുമതലയേറ്റു. സഹമന്ത്രി സുനില്‍ ശര്‍മ്മക്ക് കാബിനറ്റ് റാങ്ക് നല്‍കി. മന്ത്രിമാരായിരുന്ന ബാലി ഭഗത്, പ്രിയാ സേതി എന്നിവരെ ഒഴിവാക്കി. പിഡിപിയുടെ രണ്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിയായിരുന്ന അബ്ദുള്‍ ഹഖ്, സുനില്‍ ശര്‍മ്മ എന്നിവര്‍ രാജിവെച്ചു.
സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് അഴിച്ചുപണി. മന്ത്രിമാരോട് രാജിവെക്കാന്‍ ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കത്വയില്‍ പീഡത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത രണ്ട് മന്ത്രിമാരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. 25 അംഗ മന്ത്രിസഭയില്‍ ഒന്‍പത് പേരാണ് ബിജെപിക്കുള്ളത്.
















