ശ്രീനഗര്‍: ഉത്തര കശ്മീരിലെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി മെയ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പാക്കിസ്ഥാന്റെ വിലക്കുകളെ അതിജീവിച്ച് ബന്ദിപ്പോര ജില്ലയിലെ ഗുരേഷ് താഴ്‌വരയില്‍ തുടങ്ങിയ പദ്ധതി ഇക്കഴിഞ്ഞ ഏപ്രിലിലാണ് കമ്മിഷന്‍ ചെയ്തത്. 110 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള മൂന്ന് യൂണിറ്റുകളാണ് പദ്ധതിയിലുള്ളത്.
ഇന്ത്യപാക് നിയന്ത്രണ രേഖക്ക് അരികെയാണ് 37 മീറ്റര്‍ ഉയരത്തില്‍ ഡാം പണിതിരിക്കുന്നത്. ഡാമില്‍ നിന്ന് 23. 25 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കത്തിലൂടെ ഭൂഗര്‍ഭ പവര്‍ഹൗസിലേക്ക് നദീജലം തിരിച്ചു വിട്ടാണ് വൈദ്യുതി ഉത്പാദനം. പ്രതിര്‍വഷം 17130 ലക്ഷം യൂണിറ്റാണ് ഉത്പാദന ശേഷി.
സിന്ധു നദീജല കരാറിന്റെ പിന്‍ബലത്തില്‍ പാക്കിസ്ഥാന്‍ പലതവണ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതാണ് കിഷന്‍ഗംഗ പദ്ധതി. ഈ വിവാദത്തില്‍ ലോകബാങ്കിന്റെ സഹായം പാക്കിസ്ഥാന്‍ തേടിയെങ്കിലും ഇരുരാജ്യങ്ങളെയും സമവായത്തിലെത്തിക്കുന്നതില്‍ ലോകബാങ്ക് പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് വിഷയം അന്താരാഷ്‌ട്ര മാധ്യസ്ഥ കോടതിയില്‍ പാക്കിസ്ഥാന്‍ പ്രശ്‌നം അവതരിപ്പിച്ചു. നദീജല കരാറനുസരിച്ച് ഇന്ത്യയ്‌ക്ക് കിഷന്‍ഗംഗയില്‍ ഡാം പണിയാനുള്ള അധികാരമില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. ഒടുവില്‍ 2013 ഫെബ്രുവരിയില്‍ കിഷന്‍ഗംഗയിലെ ജലം തിരിച്ചുവിടാനുള്ള ഇന്ത്യയുടെ അവകാശത്തെ കോടതി ശരിവെച്ചു.
ഇന്ത്യയുടെ പുതിയ ജലവൈദ്യുത പദ്ധതി തങ്ങളുടെ നീലം ഝലം വൈദ്യുത പദ്ധതിയെ ബാധിക്കുമെന്നാണ് പാക്കിസ്ഥാന്റെ പുതിയ പരാതി.
















