ജോധ്പുര്‍: 16 കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധി കേട്ട് വികാരാധീനനായ ആശാറാം കോടതിയില്‍ പൊട്ടിക്കരഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
‘ജീവിക്കുന്നതുവരെ ജയിലില്‍ കഴിയണം’, എന്നാണ് കോടതി വിധി വാചകത്തില്‍ പരാമര്‍ശിച്ചത്. ഐപിസി 376 വകുപ്പും പോക്‌സോ നിയമവും ആധാരമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഈ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയാണ് പ്രധാന തെളിവായി കോടതി കണക്കാക്കിയത്.
അതേസമയം, ആശാറാമിന്റെ സഹായികളായ 2 പേര്‍ക്ക് കോടതി 20 വര്‍ഷത്തെ തടവ് വിധിച്ചു. ശരത്ചന്ദ്ര, ശില്‍പി എന്നിവര്‍ക്കാണ് 20 വര്‍ഷത്തെ തടവ്. ശിവ, പ്രകാശ് എന്നിവരെ കോടതി വെറുതെവിട്ടു.
പ്രമാദമായ ഈ കേസില്‍ എസ് സി/എസ് ടി പ്രത്യേക കോടതി ജഡ്ജി മധുസുദന്‍ ശര്‍മ്മയാണ് വിധി പറഞ്ഞത്. ഈ കേസിനുവേണ്ടി രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജോധ്പുര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചിരുന്നു.
















