നാഗ്പൂര്‍: ചുവപ്പു ഭീകരര്‍ക്കെതിരായുള്ള മഹാരാഷ്‌ട്രയിലെ ഏറ്റവും വലിയ പോലീസ് നീക്കത്തില്‍ 17 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വിദര്‍ഭയിലെ ഗഡ്ചിരോലിയിലാണ് മാവോയിസ്റ്റുകളെ പ്രത്യേക കമാന്‍ഡോ സംഘം ഏറ്റുമുട്ടലില്‍ വധിച്ചത്. മഹാരാഷ്‌ട്രയില്‍ ഇത്രയധികം മാവോയിസ്റ്റുകളെ വധിക്കുന്നത് ഇതാദ്യം.
ഗഡ്ചിരോലിയിലെ ബോറിയ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പ്രത്യേക പരിശീലനം ലഭിച്ച സി60 കമാന്‍ഡോ സംഘം കാടു വളയുകയായിരുന്നു.
മാവോയിസ്റ്റുകള്‍ക്ക് രക്ഷപ്പെടാന്‍ പഴുതു നല്‍കാതെയായിരുന്നു കമാന്‍ഡോ ഓപ്പറേഷന്‍. ഇരുവശത്തും ശക്തമായ ഏറ്റുമുട്ടലാണുണ്ടായത്. സീനിയര്‍ കേഡറിലുള്ളവരെക്കുറിച്ച് കീഴടങ്ങിയ മാവോയിസ്റ്റുകളില്‍ നിന്നും വിവരം ലഭിച്ചതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കനത്ത ഏറ്റുമുട്ടലിനൊടുവില്‍ പതിനാലു മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് പരിസരത്തു നിന്നു തന്നെ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
കാട്ടില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് ശനിയാഴ്ചയാണ് പോലീസിനു സൂചന കിട്ടിയത്. പ്രാണ്‍ഹിതയിലെ പോലീസ് ആസ്ഥാനത്തു നിന്ന് സി60 കമാന്‍ഡോകളുടെ രണ്ടു സംഘമാണ് പുറപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നീക്കം ആരംഭിച്ചു. രാവിലെ പത്തരയോടെ മാവോയിസ്റ്റുകളുടെ താവളം പൂര്‍ണമായി വളഞ്ഞു. കമാന്‍ഡോ വലയം ഭേദിച്ചു കടക്കാനുള്ള മാവോയിസ്റ്റുകളുടെ ശ്രമം പരാജയപ്പെട്ടു. ഏറെ നേരത്തെ കടുത്ത ഏറ്റുമുട്ടലിനു ശേഷമാണ് മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചത്.
മാവോയിസ്റ്റുകളുടെ പ്രാദേശിക നേതാക്കള്‍ എന്നു കരുതുന്ന ഷൈനു, സൈനാഥ് എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
















