കൊച്ചി: ആലുവ റൂറല്‍ എസ് പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടു. വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് നടപടി. ആര്‍ടിഎഫ് അംഗങ്ങളോട് പോലീസ് ആസ്ഥാനത്തേക്ക് മടങ്ങാന്‍ എസ്പി നിര്‍ദ്ദേശം നല്‍കി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്സിലെ പോലീസുകാര്‍ ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കളും നാട്ടുകാരും അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുമേഷ്, സന്തോഷ്, ജിതിന്‍ എന്നിവരെ സസ്പെന്റ് ചെയ്യുകയും അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് എസ്പി.യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സിനെ പിരിച്ചുവിട്ടത്.
അതേ സമയം ഗൃഹനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.
എന്നാല്‍ ഇതുവരെയും ആരെയും കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. ആരാണ് മരണത്തിന് ഉത്തരവാദി എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതിനായി വരാപ്പുഴ സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്ക് ഉള്‍പ്പെടെയുള്ള ആരോപണ വിധേയരായ ഉദ്യോഗസ്ഥരെയും ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരേയും ചോദ്യം ചെയ്യും.
ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ച എആര്‍ ക്യാമ്പിലെ സവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുമേഷ്, സന്തോഷ്, ജിതിന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
















