കൊച്ചി: വരാപ്പുഴയിലെ പോലീസ് ലോക്കപ്പ് മര്‍ദ്ദനത്തിനെ പരാമര്‍ശിച്ച് ദേശാഭിമാനി മുന്‍ ലേഖകന്‍ ജി. ശക്തിധരന്‍ ചോദിക്കുന്നു, ‘എത്ര തലമുറ അനുഭവിച്ചാല്‍ ഈ ശാപം തീരുമെന്ന് . മുഖ്യമന്ത്രിയെ ആരെങ്കിലും നേര്‍വഴിക്ക് നയിക്കുമോ എന്ന് ചോദിക്കുന്ന ഫേസ്ബുക് പോസ്റ്റ്, വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതകത്തിനെ ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ചേര്‍ത്ത് ഓര്‍മ്മപ്പെടുത്തുന്നു. രണ്ടിലും സിപിഎമ്മിന്റെ പങ്കാണ് ശക്തിധരന്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം, രണ്ടിനോടും പിണറായി വിജയന്‍ കൈക്കൊണ്ട സമീപനവും. ടിപി വധ സമയത്ത് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ശ്രീജിത്ത് ‘വധ’ വേളയില്‍ പാര്‍ട്ടിയും നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയും. ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
”മുഖ്യമന്ത്രിയെ നേര്‍വഴിക്ക് നയിക്കുമോ?
മുഖ്യമന്ത്രിയുടെ ഭാര്യയും കുടുംബാംഗങ്ങളും, മാധ്യമങ്ങള്‍ കാണുകയോ വായിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ വരാപ്പുഴയിലെ ശ്രീജിത്തിന്റെ അതിദാരുണമായ അന്ത്യത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകും. ശ്രീജിത്തിന്റെ ഭാര്യ അഖില അടക്കമുള്ളവരുടെ ദൃക് സാക്ഷി വിവരണങ്ങള്‍ ചങ്ക് പൊട്ടിപ്പോകുന്നതാണ്. കേരളത്തിലെ കോടിക്കണക്കിന് കുടുംബങ്ങള്‍ കേരള പോലീസിലെ ഈ കാട്ടാളന്മാരുടെ അതിക്രമം വായിച്ച് നടുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഈ കുടുംബത്തിന്റെ വേദന അറിയാതിരിക്കില്ല. മുഖ്യമന്ത്രിയുടെ യാതനകള്‍ നിറഞ്ഞ രാഷ്‌ട്രീയ ജീവിതത്തിനിടയില്‍ ഇത്തരത്തിലുള്ള എത്രയോ അഖിലമാര്‍ വീട്ട് മുറ്റത്ത് വന്ന് സഹായത്തിന് യാചിച്ചിട്ടുണ്ടാകും. മുഖ്യമന്ത്രി പോലും പോലീസുന്റെ പൈശാചികതയുടെ കയ്‌പ്പ് നീര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. പക്ഷെ കാലം മാറി. ഭാരതപ്പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. ഇന്ന് അത്തരം വേദനകള്‍ തൊട്ടറിയുന്ന ഒരു ഹൃദയം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടോ എന്ന് സംശയമാണ്.
എന്തെന്നാല്‍ 2012 മെയ് നാലിന്റെ കാളരാത്രി സ്വന്തം ഭാര്യയോടൊപ്പം എങ്ങിനെയാകും മുഖ്യമന്ത്രി ഉറക്കറയില്‍ തള്ളിനീക്കിയതെന്നത് എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്. മാനസ്സിക സംഘര്‍ഷം കൊണ്ട് അദ്ദേഹം ചിലപ്പോള്‍ കിടക്കയില്‍ നിന്ന് എണീറ്റ് അല്‍പ്പനേരമെങ്കിലും ഉലാത്തിയിട്ടുണ്ടാകാം. ചിലപ്പോള്‍ സ്റ്റാലിന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്തു എന്ന് ചിന്തിച്ചിട്ടുണ്ടാകുമോ? രാത്രിയിലെ ആ യാമങ്ങളില്‍ അദ്ദേഹത്തിന്റെ വികാരവിക്ഷോഭം കിടക്കയില്‍ ഒന്നുമറിയാതെ കിടക്കുന്ന കുലീനയായ ഭാര്യപോലും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു കൂടെന്ന് ഉപദേശിക്കാന്‍ പോന്ന ഒരു സഹധര്‍മ്മണിയുടെ മക്കളുടെ കുടുംബാംഗങ്ങളുടെ ശബ്ദമാണ് കേരളം ഉറ്റുനോക്കുന്നത്.
മഹിജയുടെ നിലവിളി ഉയര്‍ന്നപ്പോഴും കേരളം അത് പ്രതീക്ഷിച്ചു. പക്ഷെ നിരാശരായി. ഇപ്പോള്‍ വരാപ്പുഴയില്‍ നിന്ന് മാത്രമല്ല, ഇതാ ശ്രീജിത്തിന്റെ അമ്മമാര്‍, സഹോദരിമാര്‍, ഭാര്യമാര്‍ കേഴുകയാണ്. ഈ മുഖ്യമന്ത്രിയെ കൊണ്ട് ഈ കാപാലികര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കാന്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ഇടപെടുമോ? മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍ നിന്ന് അത് പ്രതീക്ഷിക്കാനാകില്ല. അവര്‍ പോലീസിനെ രക്ഷിക്കാന്‍ തെളിവ് ശേഖരണത്തിലാണ്. ഇന്നോളം ഭരണത്തില്‍ എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി ഒരു ആരോപണവും ഉയരാത്ത മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കു നീതി ചെയ്യാനാകും. അതല്ലെങ്കില്‍ 2012 മെയ് നാലിലെ ശാപത്തിന്റെ ആവര്‍ത്തനമാകും വരാപ്പുഴയില്‍ നിന്നും സംഭവിക്കുന്നത്. എത്ര തലമുറ അനുഭവിച്ചാല്‍ തീരും. ”
















