തിരുവനന്തപുരം: ചെറുകിട വ്യവസായി കമ്പനി കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കാട് ഇടുപടിക്കല്‍ വീട്ടില്‍ ഇ.പി. സുരേഷ് (50) ആണ് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചശേഷം തൂങ്ങി മരിച്ചത്. സംഭവത്തിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയത്തിലെ പാളിച്ച. പാട്ട ഭൂമിയുടെ വാടക സര്‍ക്കാര്‍ 2500 രൂപയില്‍ നിന്ന് ആറര ലക്ഷമാക്കിയതോടെ താങ്ങാന്‍ നിവൃത്തിയില്ലാതെ തൂങ്ങിമരിക്കുകയായിരുന്നു.
ഒമ്പതു വര്‍ഷമായി വേളി ഇന്‍ഡസ്ട്രയില്‍ എസ്റ്റേറ്റില്‍ മെറ്റാകെയര്‍ എന്‍ജിനീയറിംഗ് പൗഡര്‍കോട്ട് എന്ന സ്ഥാപനം നടത്തിവരികയാണ്. കമ്പനി വിപുലപ്പെടുത്താന്‍ കൂടുതല്‍ അംഗങ്ങളെ പാര്‍ട്ണര്‍മാരാക്കി ലിമിറ്റഡ് കമ്പനി ആക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നു. കമ്പനി നടത്താന്‍ സര്‍ക്കാര്‍ വക വേളി ഇന്‍ഡസ്ട്രയില്‍ എസ്റ്റേറ്റിലെ പത്ത് സെന്റ് ഭൂമി 2010ല്‍ പാട്ടത്തിനെടുത്തപ്പോള്‍ വാടക സെന്റൊന്നിന് 2500 രൂപ. എന്നാല്‍ ലിമിറ്റഡ് കമ്പനിയാക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ സര്‍ക്കാരിന്റെ വ്യവസായ നയവും മാറി. എല്‍ഡിഎഫ് സര്‍ക്കാര്‍ പാസ്സാക്കിയ വ്യവസായ സൗഹൃദ ഓര്‍ഡിനന്‍സ് ചെറുകിടക്കാരെ നടുവൊടിക്കുന്നതായിരുന്നു. ഓര്‍ഡിനന്‍സ് പ്രകാരം വേളി ഇന്‍ഡസ്ട്രയില്‍ എസ്റ്റേറ്റിന് വാടക നിരക്ക് സെന്റൊന്നിന് 6.5 ലക്ഷമാക്കി ഉയര്‍ത്തി.
വാടക ഉയര്‍ത്തിയത്അറിയാതെയാണ് മുപ്പതോളം പേരില്‍ നിന്ന് ഷെയര്‍ വാങ്ങിയത്. 2017 ഏപ്രിലില്‍ ഈ വസ്തു പുതിയ കമ്പനിയുടെ പേരിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാവ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നല്‍കി. ഒരു വര്‍ഷമായിട്ടും മറുപടി ലഭിക്കാത്തതിനാല്‍ അപേക്ഷയുടെ നിജസ്ഥിതി അറിയാനായി ഓഫീസില്‍ തിരക്കിയപ്പോഴാണ് ഭൂമി വാടക കുത്തനെ ഉയര്‍ത്തിയ വിവരം അറിയുന്നത്. വാടക കുറയ്‌ക്കാന്‍ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ കയറി ഇറങ്ങിയെങ്കിലും സര്‍ക്കാരിന്റെ നയമാണെന്ന മറുപടിയാണ് ലഭിച്ചത്. കൂടുതല്‍ മുതല്‍ മുടക്കിന് കൈയില്‍ പണമില്ലായിരുന്നു. കമ്പനി പാര്‍ട്ണര്‍മാരുടെ മീറ്റിംഗില്‍ തന്നെ തെറ്റിദ്ധരിക്കാന്‍ സാധ്യത ഉണ്ടെന്ന മനോവിഷമത്താലാണ് തൂങ്ങി മരിച്ചത്.
സുരേഷിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ് ഉപരോധിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വെള്ളയമ്പലത്ത് എത്തിച്ച മൃതദേഹം ജില്ലാ വ്യവസായ കേന്ദ്രത്തിനു മുന്നില്‍വച്ച് പ്രതിഷേധിക്കുകയായിരുന്നു. ചെറുകിട വ്യവസായ അസോസിയേഷന്‍ ഭാരവാഹികളുടെയും ബന്ധുക്കളുടെയും നേതൃത്വത്തിലായിരുന്നു ഉപരോധം. ഓര്‍ഡിനന്‍സില്‍ അപാകത ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മെയ്തീന്‍ പറഞ്ഞു.
















