തിരുവനന്തപുരം: രാജ്യത്തെ ചിലയിടങ്ങളില്‍ വലിയ സംഘര്‍ഷത്തിനിടയാക്കിയ പട്ടികജാതി, വര്‍ഗ നിയമ കേസില്‍ കേരളം ഗുരുതരമായ വീഴ്ച വരുത്തി. ഇതു മറയ്‌ക്കാന്‍ നിയമമന്ത്രി എകെ ബാലന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
1989 ലെ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയതിന്റെ മറവിലാണ് ചില സംഘടനകള്‍ കലാപം അഴിച്ചുവിട്ടത്. സംഘര്‍ഷത്തിലും വെടിവയ്‌പ്പിലും 11 പേര്‍ മരിക്കുകയും ചെയ്തു.
നിയമത്തില്‍ ഇളവ് വരുത്തുന്നതു സംബന്ധിച്ച് വാദം നടക്കുമ്പോള്‍ ആര്‍ക്കെങ്കിലും നിലപാട് അറിയിക്കാന്‍ ഉണ്ടെങ്കില്‍ അതാകാമെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞിരുന്നു.
പരാതി ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇളവ് ചെയ്ത് സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചത് മാര്‍ച്ച് 20നാണ്. എന്നാല്‍ ഫെബ്രുവരി 2ന് കേസില്‍ കക്ഷി ചേരണമെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദിന് കത്തില്‍ നിര്‍ദ്ദേശം നല്‍കി. കത്ത് നല്‍കിയശേഷവും കേരളത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. മന്ത്രി നിര്‍ദ്ദേശിച്ചിട്ടും കോടതിയില്‍ സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കാത്തത് നിയമ ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണ്.
കത്ത് നല്‍കിയിട്ടും നടപടിയെടുക്കാത്ത സ്വന്തം വകുപ്പിന്റെ വീഴ്ച മറച്ചുവെച്ചാണ് വിധി വന്നപ്പോള്‍ മന്ത്രി രംഗത്തെത്തിയത്. ഏപ്രില്‍ 3ന് നിയമസഭയില്‍ സബ്മിഷന് മറുപടി പറഞ്ഞപ്പോഴും അടുത്തദിവസം പ്രമേയം അവതരിപ്പിച്ചപ്പോഴും ഒരുമാസം മുമ്പ് എജിക്ക് കത്ത് നല്‍കിയ കാര്യം മന്ത്രി മിണ്ടിയില്ല.
വിധി മൂലമുണ്ടായ ആശങ്കകള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും സംസ്ഥാനങ്ങള്‍ക്ക് ഒരു നോട്ടീസും നല്‍കാതെയാണ് വിധി ഉണ്ടായതെന്നുമാണ് മന്ത്രി പറഞ്ഞത്. പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ താല്‍പര്യം മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനുള്ള നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്നും മന്ത്രി വാദിച്ചു. സുപ്രീംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പ്രസ്താവന നിയമസഭയില്‍ മന്ത്രി നടത്തുകയായിരുന്നു.
മന്ത്രിയുടെ കത്ത് അപ്പോള്‍ തന്നെ ദല്‍ഹിയിലെ സ്റ്റാന്റിങ് കൗണ്‍സിലിന് കൈമാറിയെന്നും എന്നാല്‍ കേരളത്തിനുവേണ്ടി അഭിഭാഷകന്‍ ഹാജരാകുന്നതിന് മുമ്പ് വിധിപ്രഖ്യാപനം വന്നുവെന്നുമാണ് എജിയുടെ ഓഫീസിന്റെ വാദം.
















