തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്തെന്ന ആരോപണത്തിനിടെ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്ക് സ്ഥാനമാറ്റം. വിവാദങ്ങള്‍ക്കിടെയാണ് ദിവ്യയെ സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. തദ്ദേശസ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം.സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് സബ് കളക്ടര്‍ വിട്ടുകൊടുത്ത ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലാണ് വിവാദ ഭൂമി. നിയമം അനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. റോഡരികിലെ കണ്ണായ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് സ്ഥലമുടമ ജെ. ലിജി ഹൈക്കോടതിയെ സമീപിച്ചത്.
തഹസില്‍ദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തില്‍ പരാതിക്കാരിയെ കൂടി കേട്ട് തീര്‍പ്പാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. തഹസില്‍ദാറുടെ നടപടി അപ്പാടേ റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനം. കെ.എസ്. ശബരീനാഥ് എം എല്‍ എയുടെ ഭാര്യയാണ് ദിവ്യ. അതിനാല്‍ത്തന്നെ വിഷയം വിവാദമായിരുന്നു.
















