ന്യൂദല്‍ഹി: ഭാര്യയേയും രണ്ടു കൊച്ചുകുട്ടികളെയും പണയം വച്ച് ചൂതു കളിച്ചു. ഒടുവില്‍ എല്ലാം നഷ്ടമായി. യുപിയിലെ ബുലന്ദ് ഷഹറിലെ മൊഹ്‌സിനാണ് അഭിനവ യുധിഷ്ഠിരന്‍.
മൊഹ്‌സിന്‍, ഇമ്രാന്‍ എന്ന കൂട്ടുകാരനുമായിട്ടാണ് ചൂതുകളിച്ചത്. തോറ്റ് പണം തുടര്‍ച്ചയായി പോയി. എങ്കിലും ആവേശം മൂത്തപ്പോള്‍ ഒട്ടും മടിച്ചില്ല, മഹാഭാരതത്തിലെ യുധിഷ്ഠിരനെ പോലെ ഭാര്യയേയും രണ്ടു കുട്ടികളെയും പണയം വച്ചായി കളി. അതിലും തോറ്റു.
കളി ജയിച്ചതോടെ ഇമ്രാന്‍ നേരെ പോയത് മൊഹ്‌സിന്റെ വീട്ടിലേക്ക്. അവിടെച്ചെന്ന് അയാളുടെ ഭാര്യയെ വിളിച്ചിറക്കി, ചൂതു താന്‍ജയിച്ചതിനാല്‍ തന്റെ കൂടെ വരണമെന്നായി. അവര്‍ പ്രതിഷേധിച്ചു. അലറിക്കരഞ്ഞു. വിവാദം കത്തിപ്പടര്‍ന്നു. വിവരമറിഞ്ഞ് പഞ്ചായത്തംഗങ്ങള്‍ എത്തി. ചര്‍ച്ചയും അനുരഞ്ജനങ്ങളുമായി. ഒടുവില്‍ ഭാര്യയേയും ഒരു കുട്ടിയേയും മൊഹ്‌സിന് മടക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഒരു കുട്ടിയെ പഞ്ചായത്തംഗങ്ങള്‍ ഇമ്രാനും നല്‍കി. അയാള്‍ അവനെയും കൊണ്ട് പോകുകയും ചെയ്തു. രോഷാകുലയായ മൊഹ്‌സിന്റെ ഭാര്യ വിവാഹമോചനത്തിന് തീരുമാനിച്ചിരിക്കുകയാണ്. അവര്‍ പോലീസില്‍ പരാതിയും നല്‍കി.
2012ലാണ് മൊഹ്‌സിന്‍ ഇവരെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. ചൂതുകളിക്ക് അടിമയായ മൊഹ്‌സിന്‍ 2015ലും ഇതേ പണി കാണിച്ചിരുന്നു. യുവതി നല്‍കിയ പരാതി പ്രകാരം മൊഹ്‌സിനും ഇമ്രാനും എതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
















