ന്യൂദല്‍ഹി: സോഷ്യല്‍മീഡിയയിലൂടെ എന്നും അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നു കോണ്‍ഗ്രസ്. ജനങ്ങളിലേക്ക് എത്താന്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതു കണ്ട് അതേ വഴി തേടുന്ന കോണ്‍ഗ്രസ് സെല്‍ഫ് ഗോളുകള്‍ അടിച്ചു കൊണ്ടേയിരിക്കുന്നു. ട്വിറ്ററില്‍ എന്നും കോണ്‍ഗ്രസ് ചോദ്യങ്ങള്‍ ഉന്നയിക്കും. കോണ്‍ഗ്രസ് (ഐഎന്‍എസ് ഇന്ത്യ) എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സര്‍വേ നടത്തുന്ന രീതിയിലാണ് ചോദ്യങ്ങള്‍. ഉത്തരങ്ങളെല്ലാം കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തുകയാണ്. ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി അഭിപ്രായം അറിയിക്കുന്നതാണ് അവരെ വെട്ടിലാക്കുന്നത്.
ഇറാക്കില്‍ 39 ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ വധിച്ചതില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രതിസ്ഥാനത്തു നിര്‍ത്താനുളള ആവേശത്തോടെയായിരുന്നു കഴിഞ്ഞ ദിവസത്തെ ചോദ്യം. 39 ഇന്ത്യക്കാരുടെ മരണം വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമ സ്വരാജിന്റെ ഏറ്റവും വലിയ പരാജയമാണോ എന്നാണ് ചോദിച്ചത്. 34,000 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. ഇതില്‍ 76 ശതമാനവും അല്ല എന്നു രേഖപ്പെടുത്തി. അതെ എന്നു രേഖപ്പെടുത്തിയത് 26 ശതമാനം മാത്രം. ബഹുഭൂരിപക്ഷവും സുഷമയെ അനുകൂലിച്ചതോടെ കോണ്‍ഗ്രസ് പരുങ്ങലിലായി.
ഫലം ട്വിറ്ററിലൂടെ അറിയിക്കാതെ നിവൃത്തിയില്ലായിരുന്നു. അല്ല 76, അതെ 26 എന്ന കോണ്‍ഗ്രസിന്റെ ട്വീറ്റ് സുഷമ സ്വരാജ് റീട്വീറ്റ് ചെയ്തു. ഇതോടെ സര്‍വേഫലം ലോകമാകെ ചര്‍ച്ചയായി.
കാര്യങ്ങള്‍ അവിടെ അവസാനിച്ചില്ല. ഇന്നലെ മറ്റൊരു ചോദ്യമാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ നമോ ആപ്പിനെ ലക്ഷ്യമിട്ടായിരുന്നു ആ ചോദ്യം. സ്വകാര്യത സംരക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വലിയ പരാജയമോ എന്ന ചോദ്യത്തിന് ആദ്യത്തെ ഒന്നര മണിക്കൂറില്‍ത്തന്നെ കോണ്‍ഗ്രസ് വിവരമറിഞ്ഞു. 62 ശതമാനം പേര്‍ അല്ല എന്നു രേഖപ്പെടുത്തി. 38 ശതമാനം അതെ എന്നും. അവിടെയും തിരിച്ചടി നേരിട്ടു കോണ്‍ഗ്രസിന്. സോഷ്യല്‍ മീഡിയ കുറച്ചു കൂടി ഫലപ്രദമായി ഉപയോഗിക്കാന്‍ പഠിക്കൂ എന്ന ഉപദേശമാണ് കോണ്‍ഗ്രസിനു എല്ലാ ഭാഗത്തു നിന്നും കിട്ടുന്നത്.
















