മലയാളി പാഴാക്കിക്കളയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാം സ്ഥാനം ചക്കയ്ക്കാണ്. നമ്മുടെ പറമ്പുകളില്‍ ആരാലും നോക്കാനില്ലാതെ വെറുതെ കളയുന്ന ചക്കയെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ വിഭവമാക്കാനുള്ള ശ്രമങ്ങള്‍ കുറച്ചുനാളായി നടന്നുവരികയാണ്. ചില വ്യക്തികളും ഏജന്‍സികളും ഒപ്പം സര്‍ക്കാരുകളും ചക്കയെ മുന്‍നിര ഭക്ഷണമാക്കാനുള്ള യജ്ഞത്തിനു പിന്നിലുണ്ട്. ഇപ്പോള്‍ ചക്ക മലയാളത്തിന്റെ ഔദ്യോഗിക ഫലമായിരിക്കുന്നു. അത്ര നിസ്സാരനല്ലെന്ന് തെളിഞ്ഞതിനാലാണ് നിയമസഭയില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമാക്കി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏകദേശം രണ്ടുലക്ഷത്തി എണ്‍പതിനായിരത്തോളം പ്ലാവുകള്‍ ഉണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. ഈ പ്ലാവുകളില്‍നിന്ന് ഒരു വര്‍ഷം ശരാശരി 350 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ട്. ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലൂടെ ഒരു വര്‍ഷം 30,000 കോടിയുടെ വരുമാനം നേടാമെന്നാണ് പുതിയ കണ്ടെത്തല്‍. കീടനാശിനിയോ രാസവളമോ സ്പര്‍ശിക്കാത്ത പരിശുദ്ധവും ആരോഗ്യകരവുമായ ചക്കയെ നമ്മുടെ ഭക്ഷ്യസുരക്ഷ ഉറുപ്പുവരുത്തുന്നതില്‍ പ്രധാന പങ്കാളിയാക്കാം.
ചക്ക അച്ചാര്‍ മുതല്‍ ചക്ക ഐസ്ക്രീംവരെ. ചക്കസൂപ്പ് മുതല്‍ സിക്സ്റ്റിഫൈവും ചക്കമഞ്ചൂരിയും വരെ നീളുന്ന വൈവിധ്യമാര്‍ന്ന ചക്ക വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ചക്കത്തൊലിയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിനുപോലും ഔഷധമൂല്യമേറെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പഴുത്ത ചുളകൊണ്ട് ചക്ക ഹല്‍വയും ചക്ക അടയും ജാമും ചക്കവരട്ടിയുമെല്ലാം ഉണ്ടാക്കുന്നുണ്ട്. സോസും ചട്ണിയും വൈനും വിനാഗിരിയും ചക്കച്ചുളയില്‍ നിന്ന് ഉല്പാദിപ്പിക്കുന്നു. ചക്കക്കുരുവില്‍ നിന്ന് ബ്രഡ്ഡും ബിസ്ക്കറ്റും കുക്കൂസും ഉണ്ടാക്കുന്നു. ചക്കക്കുരു വടയും പായസവും ബര്‍ഫിയും പുട്ടുമൊക്കെയുണ്ട്. കറയുള്ള ചക്കച്ചവിണിയില്‍ നിന്ന് ഉണ്ടാക്കുന്ന ജെല്ലി വളരെ പ്രിയമാണ്. ചക്കക്കൂഞ്ഞില്‍ മസാലപുരട്ടി വറുത്തെടുക്കുന്നതും ചക്കച്ചുളയില്‍ മുളകുപൊതിഞ്ഞ് ഇലയില്‍ പൊള്ളിച്ചെടുക്കുന്നതും ചക്ക ബജ്ജിയും പുതിയ വിഭവങ്ങളാണ്. ചക്കക്കുരുവിലും ചുളയിലുമുള്ള ജാക്കലിന്, ലെയ്റ്റിന് എന്നീ ഘടകങ്ങള്‍ക്ക് എയ്ഡ്സ് പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയത് ഫ്രാന്‍സില്‍ നിന്നുള്ള ശാസ്ത്ര സംഘമാണ്. ചക്കക്കുരുവിന്റെ തവിട്ടു നിറത്തിലുള്ള തൊലിയില്‍ ക്യാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രലോകം മുമ്പേ കണ്ടെത്തിയിരുന്നു.
നല്ല പഴുത്ത പ്ലാവില കുമ്പിളുകുത്തിയാണ് പണ്ടൊക്കെ മലയാളി കഞ്ഞി കുടിച്ചിരുന്നത്. പ്ലാവിലയ്ക്ക് ചില ഔഷധഗുണങ്ങളുമുണ്ട്. പഴുത്ത പ്ലാവിലകൊണ്ട് കഞ്ഞി കുടിക്കുന്നത് വാതം വരാതിരിക്കാന്‍ നല്ലതാണത്രെ. വായുകോപവും എക്കിട്ടവും വയറുവേദനയും മഹോദരവും ഇല്ലാതാക്കാന്‍ പ്ലാവിലയിലെ ചില ഘടകങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ചക്ക വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ്. ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തും. ചക്കയില്‍ ധാരാളം കാര്‍ബോ ഹൈഡ്രേറ്റുകളും കലോറിയും, ഫ്രക്ടോസ്, സുക്രോസ് പോലുള്ള ഷുഗറും അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജം പ്രദാനം ചെയ്യും. ചക്കയില്‍ കൊളസ്ട്രോള്‍ ഘടകം അടങ്ങിയിട്ടില്ലാത്തതിനാല്‍ ആ പേടിയും വേണ്ട. ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും. ചക്കയിലെ ഡയറ്ററി ഫൈബര്‍ ദഹനം എളുപ്പമാക്കും. ഡയറ്ററി ഫാറ്റ് കുടലിലെ ജൈവിക മാലിന്യങ്ങളെ ഇല്ലാതാക്കും. ഇതുവഴി കുടലിലെ ക്യാന്‍സര്‍ തടയും. ചക്കയിലുള്ള വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കും. ഇത്തരത്തിലുള്ള ചക്കയുടെ ഗുണങ്ങളെല്ലാം കണ്ടെത്തിയത് മലയാളികളല്ല. വിദേശികളായ ശാസ്ത്രസമൂഹമാണ്.
ചക്കയെക്കുറിച്ചു പറയാന്‍ ഇത്രയേറെ കഥകളുണ്ടോ എന്ന് തോന്നേണ്ടതില്ല. ചക്കക്കാര്യം ഇതിലും കൂടുതലാണ്. മലയാളി ഇപ്പോള്‍ തീന്മേശയില് നിന്ന് അകറ്റി നിര്‍ത്തിയിരിക്കുന്ന ചക്ക സര്‍വ്വരോഗ സംഹാരിയും, പട്ടിണിയകറ്റാനും പണം നേടിത്തരാനും പോന്നതരത്തില്‍ ഉപകാരിയുമാണെന്ന് തിരിച്ചറിയാന്‍ ‘കേരളത്തിന്റെ ഔദ്യോഗിക ഫലം’ എന്ന സ്ഥാനം ഉപകരിക്കും. ഇനിയെങ്കിലും ചക്ക പാഴാക്കാതിരിക്കാം. തീന്മേശയിലെ പ്രധാന വിഭവമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: