കൊച്ചി: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ്സിലേക്ക് കേരളത്തില്‍ നിന്നു ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഉപയോഗപ്പെടുത്തിയത് ബുക് ഓഫ് ജിഹാദ് എന്ന കൃതി. പതിനാലാം നൂറ്റാണ്ടിലെ ഈജിപ്ഷ്യന്‍ മത പണ്ഡിതന്‍ ഇബുന്‍ നുഹാസ് രചിച്ച ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ഐഎസ്സിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി.
കാസര്‍കോട്ടു നിന്ന് ഐഎസ്സിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് എന്‍ഐഎ കോടതി പരിഗണിക്കുന്നത്. ഐഎസ്സില്‍ ചേര്‍ക്കാന്‍ ഇവരെ വശീകരിച്ച് അഫ്ഗാനിസ്ഥാനിലേക്ക് കടത്തുകയായിരുന്നു. ഇതിനു പ്രധാന നേതൃത്വം നല്‍കിയ അബ്ദുള്‍ റഷീദിന്റെ പ്രഭാഷണങ്ങള്‍ ബുക് ഓഫ് ജിഹാദിനെ അടിസ്ഥാനമാക്കിയായിരുന്നുവെന്ന് എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ബുക് ഓഫ് ജിഹാദിന്റെ പകര്‍പ്പുകള്‍ ഓണ്‍ലൈനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താണ് ഉപയോഗിച്ചത്. അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അല്‍ ദിമാസ്ഖ്വി ദുമൈനി എന്നായിരുന്നു ഇബുന്‍ നുഹാസിന്റെ യഥാര്‍ഥ പേര്. ഇയാളെ 1114ല്‍ റോമന്‍ സൈന്യം വധിക്കുകയായിരുന്നു. യെമനിലെ ഇസ്ലാമിക പ്രഭാഷകന്‍ അന്‍വര്‍ അല്‍-അവ്‌ലാകിയുടെ പ്രസംഗങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
ഐസ്സില്‍ ചേരാന്‍ രാജ്യം വിട്ടവരുടെ സംഭാഷണങ്ങള്‍ അടങ്ങിയ 35 ഓഡിയോ ക്ലിപ്പുകളും നിര്‍ണായക തെളിവുകളായി കോടതിയില്‍ നല്‍കി. അമ്പത് ഓഡിയോ ക്ലിപ്പുകളാണുള്ളത്. അതില്‍ 35 എണ്ണമാണ് കണ്ടെത്തിയത്. ബന്ധുക്കള്‍ കോടതിയില്‍ എത്തി ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയഞ്ഞിട്ടുണ്ടെന്നും എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
















