ആലപ്പുഴ: തനിക്ക് യുദ്ധരംഗത്ത് ജോലി ചെയ്യാന്‍ അവസരം ലഭിച്ചതും വിയറ്റ്നാം യുദ്ധത്തില്‍ പകര്‍ത്തിയ ചിത്രം ലോക ജനതയ്‌ക്ക് യുദ്ധത്തിനെതിരെ ചിന്തിക്കുക എന്ന വലിയ സന്ദേശം നല്‍കാന്‍ കഴിഞ്ഞതും ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ യുദ്ധരംഗങ്ങള്‍ പകര്‍ത്തിയ ശേഷം ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതമായിരുന്നു. എന്റെ കൂടെ നിന്ന് പ്രവര്‍ത്തിച്ച പല സഹപ്രവര്‍ത്തകരും വെടിയേറ്റു മരിച്ചു. ഒരുപാട് ചിത്രങ്ങള്‍ എടുക്കുന്നതിലല്ല. ചിന്തിച്ച് ശരിയായ ഫ്രെയിം കണ്ടെത്തുന്നതിലാണ് കഴിവ്. വേണ്ട സമയത്ത്, വേണ്ട സ്ഥലത്ത് ക്ഷമയോടെ നിന്ന് ക്ലിക്ക് ചെയ്യാന്‍ കഴിയണം. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി കാണാന്‍ ഫോട്ടോഗ്രാഫര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തിയപ്പോള്‍ ഇവിടെയുള്ളവരുടെ ചിരിക്കുന്ന മുഖം പകര്‍ത്താന്‍ ഏറെ സന്തോഷം തോന്നിയെന്നും നിക് ഉട്ട് പറഞ്ഞു.
പ്രസ്‌ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടി ലോസ് ഏന്‍ജല്‍സ് ടൈംസ് ഫോട്ടോഗ്രാഫര്‍ റൗള്‍റോ എന്നിവരും മുഖ്യാതിഥികളായി.
















