കൊല്ലം: എഴുത്തില്‍ സാഹിത്യമാണെങ്കിലു മനസുകൊണ്ടും പ്രവൃത്തിയിലും കമ്മ്യൂണിസ്‌റ്റെന്ന് സ്വയം പ്രസംഗിക്കാറുള്ള നോവലിസ്റ്റ് എം. മുകുന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറയുന്നു, ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ പിണറായി വിജയനു മാത്രമേ കഴിയുകയുള്ളു.
പിണറായിയോട് മയ്യഴിയുടെ കഥാകാരന്‍ എം. മുകുന്ദന്‍ അപേക്ഷിക്കുന്നതിങ്ങനെ:
‘ ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യൂ…
കണ്ണൂര്‍ എത്ര സൗന്ദര്യമുള്ള നാടായിരുന്നു. ഇന്നതിന് ചോരയുടെ മണമാണ്. ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ആ ചോര തലമുറകളിലേക്ക് ഒഴുകും. തലമുറകള്‍ ക്രൂരന്മാരാകും. അത് ഉണ്ടാകരുത്.
എന്റെ വീട്ടിലേക്ക് പോകും വഴിക്ക് ഒരു പാലമുണ്ട്. കുറച്ചു നാളായി അവിടെയൊരു ബോര്‍ഡിരിക്കുന്നു. അരിഞ്ഞിട്ട കൈകാലുകളുടെ ചിത്രം. ഷുഹൈബിന്റെ ചിത്രം …. ഇതെന്നെ വേദനിപ്പിക്കുന്നു.
ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ പിണറായി വിജയന് മാത്രമേ കഴിയൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനായി എന്തെങ്കിലുമൊന്ന് ചെയ്യാന്‍ പിണറായിയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.”
ചിത്രകാരനായ ആശ്രാമം സന്തോഷിന്റെ അഷ്ടമുടിക്കായലും മയ്യഴിത്തുമ്പികളും എന്ന പുസ്തകം കൊല്ലം പബ്‌ളിക്ക് ലൈബ്രറി സരസ്വതി ഹാളില്‍ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുകുന്ദന്‍.
















