കാലടി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ(52) പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്.പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോണിയെ പിടികൂടിയത്. വനത്തിനുള്ളില്‍ തീര്‍ത്തും അവശനിലയിലാണ് ഇയാളെ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് മലയാറ്റൂര്‍ കുരിശുമുടിയില്‍വെച്ച് റെക്ടര്‍ സേവ്യര്‍ തേലക്കാട് കുത്തേറ്റ് മരിച്ചത്. പളളിയില്‍ കപ്യാരായിരുന്ന ജോണി, റെക്ടര്‍ സേവ്യര്‍ തേലക്കാടിന്റെ കാലിലും തുടയിലും കുത്തുകയായിരുന്നു. കുരിശുമുടിയിലെ ആറാം സ്ഥലത്ത് വച്ചാണ് സംഭവം. പാതിരിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. രക്തം വാര്‍ന്നാണ് വൈദികന്‍ മരിച്ചത്.
മൂന്നു മാസമായി സസ്‌പെന്‍ഷനിലായിരുന്ന ജോണി, തന്നെ കപ്യാരായി തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ തിരിച്ചെടുക്കാനാവില്ലന്ന് വൈദികന്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ പൂര്‍വ്വവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മലകയറുന്നതിനിടെ വൈദികനെ പിന്നില്‍ നിന്ന് കുത്തിയ ശേഷം ജോണി സമീപത്തെ കാടിനുളളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
















